Monday, 29 July 2013

തെറ്റും ശരിയും

പിറവിയുടെ വിത്തുകൾ ആലിലമറവിൽ ഒളിപ്പിച്ച്, 
ദീർഘനിശ്വാസം ചെയ്ത്, 
ചെങ്കൽ തറയിൽ ഉറക്കം പൂണ്ടൂ പിതാക്കന്മാർ.

അവർ ഉറക്കമുണരുമ്പോൾ പട്ടിണി മാറ്റുമെന്നുറച്ച് 
അരമുറുക്കി, ചിരി വരുത്തി, 
കാല്പാദം ചേർന്ന് കാത്തിരുന്ന് മയങ്ങീ, 
നട്ടെല്ലു വളച്ചു മാത്രം ശീലിച്ച 'കഴുതകൾ'.

വിപ്ലവത്തിന്റെ രക്തം കാറ്റിൽ ആലിലകളെ തഴുകി.
മഴ കരിയിലകളുടെ ആത്മാക്കളെ വിമോചിതരാക്കി.
വിത്തുകൾ വീണു. മുളച്ചു. വളര്ന്നു.
കണ്ണ് ചിമ്മുന്ന നേരം കൊണ്ട്.
പക്ഷെ, കണ്ണ് ചിമ്മേണ്ടവർ ഉറക്കത്തിലായിരുന്നു!

മുത്തശി ആലിന്റെ ചുറ്റും കുഞ്ഞാലുകൽ വളർന്നു മാനം മുട്ടി.
അവ മുത്തശി ആലിനെ ഒരു കോട്ടയ്ക്കുള്ളിലാക്കി.
അവയ്ക്ക് ഒരു പുതിയ ആകാശം ഉണ്ടായിരുന്നു.
ആ ആകാശത്തിന്റെ അതിരുകളോളം അവ ചില്ല വിരിച്ചു.

വിശപ്പ്‌ തട്ടിയപ്പോൾ പിതാക്കന്മാർ കണ്ണ് തുറന്നു.
വിശന്ന് തളർന്നുറങ്ങിയവരെ ചവിട്ടി ഉണര്ത്തി.
പിന്നെ, വെപ്രാളമായിരുന്നു.
അരിവാൾ. നക്ഷത്രം. വിപ്ലവം! 
ത്രിവർണം. ഗാന്ധി. നിരാഹാരം!!
എഴുതി മടുത്ത വ്യാസൻ ഒരു ഹാൻഡി ക്യാം വാങ്ങി.

കുഞ്ഞാലുകൾക്ക് ചുറ്റും കോണ്‍ക്രീറ്റ്തറകൾ ഉയര്ന്നു.
അവിടെ പിൻഗാമികൾ ഉള്ളിലേയ്ക്ക് നോക്കി ആർത്ത് ചിരിച്ചു.
അവരുടെ ചുറ്റും വീണ്ടും 'കഴുതകൾ' (ക്ഷമിക്കണം) വന്നുകൂടി.
അവരുടെ മേലെ കുഞ്ഞാലുകൽ മുത്തശിമാരായി വളര്ന്നു.

ഒരിക്കൽ ആ ആലിലകളുടെ മറവിലും പിറവിയുടെ വിത്തുകൾ ഒളിപ്പിക്കപ്പെടാം.
അന്ന് കോണ്‍ക്രീറ്റ് തറയിലെ പിൻഗാമികളും ഉറക്കത്തിൽ ആണ്ടു പോവാം.
പക്ഷെ, ഇന്ന് അവരാണ് ശരി.

വിപ്ലവത്തിന്റെ കാറ്റ് തഴുകി ഉണര്ത്തിയവർ. 
നേരിന്റെ വെളിച്ചം കാണുന്നവർ.
ഒരു നാൾ അവരുടെ, അല്ല ഞങ്ങളുടെ, ശരികളും തെറ്റായി മാറാം.
ഒരു നാൾ ഞങ്ങളും ഉറക്കത്തിൽ ആണ്ടു പോവാം.
പക്ഷെ, മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടു സൂര്യനെ സ്വപ്നം കാണുന്നവരേ,
പുതിയ കോട്ടയ്ക്കു മീതെ പറക്കുവാൻ ചിറകില്ലാത്തവരേ, 
ഇന്ന്,
ഞങ്ങൾ ആണ് ശരി.
ഞങ്ങൾ തന്നെയാണ് ശരി.  

5 comments: