Friday 14 March 2014

മൗനം.

സായാഹ്നങ്ങളുടെ ബഹളങ്ങളെ തുളച്ചുവരുന്ന
പള്ളിമണിയുടെ മുഴക്കങ്ങള്‍ക്കിടയില്‍,
രണ്ടായിപകുത്തെടുത്ത തേന്‍മിട്ടായിയുടെ
വലിയപകുതി വച്ചുനീട്ടിയ കുസൃതിച്ചിരിയുടെ മുന്നില്‍,
വേനല്‍വറുതിയുടെ മരണകാഹളം മുഴക്കിയെത്തുന്ന
ആദ്യമഴയുടെ താളത്തുടിപ്പുകള്‍ക്കുള്ളില്‍,
അരണ്ടവെളിച്ചത്തില്‍ അടഞ്ഞ വാതിലിനപ്പുറം
പിറവിയുടെ ആദ്യതാളത്തിന്റെ കാത്തിരിപ്പിനിടയില്‍,
കുഞ്ഞിക്കുടുക്കയുടെ വികൃതിത്തരങ്ങളെ ശാസിക്കാനാകാതെ,
തന്റെ ബാല്യമോര്‍ത്ത്‌ ഉള്ളാലെ ചിരിച്ച പിതൃമനസിനുള്ളില്‍,
ഒരു പരിഭവത്തിനും ചുംബനത്തിനുമിടയിലെ
സുഖമുള്ള വേദനയുടെ ദൂരത്തിനിടയില്‍,
വഴിപിരിയുന്നിടത്ത് പിരിയാന്‍ കഴിയാതെ
വിതുമ്പിനിന്നുപോയ കണ്ണുകളുടെ യാത്രാമൊഴിയില്‍,
പ്രാണന്റെ പകുതി പകുത്തുകൊണ്ട് പോയ
ഓര്‍മകളുടെ മണ്‍കൂമ്പാരത്തിന്,
പുലര്‍മഞ്ഞിന്റെ കുളിരിലും വിറയാര്‍ന്ന കൈകളാല്‍
സമ്മാനിച്ച്‌ പോന്ന ചുവന്ന റോസാപ്പൂക്കളില്‍,
ഇനിയും ചൊല്ലാതെ കാത്തുവെച്ച കവിതകളില്‍,
പൂര്‍ത്തിയാക്കാതെ പോയ ചിത്രങ്ങളില്‍,
മൗനം തീക്ഷ്ണം. സുന്ദരം. വാചാലം.

Thursday 13 March 2014

ഒരു സന്ധ്യാജപം

വീണ്ടുമൊരു ചായക്കോപ്പയും ചെറുമഴയും.
വീണ്ടും മൗനവും ഓര്‍മകളും പിന്നെ, ഉന്മാദവും.
വീണ്ടും അസ്തമയസൂര്യന്റെ ചിരിയില്‍  ചുവപ്പിനെക്കാളധികം മഞ്ഞ.
എന്റെ സ്വപ്നങ്ങളില്‍ ഇരുളിനെക്കാള്‍ വെളിച്ചവും.

പരുന്ത്

വെയില് മൂക്കുംവരെ 
ഉയര്‍ന്ന ചില്ലകളുടെ നിഴലില്‍ ഒളിച്ച്,
ചോര തിളപ്പിക്കുന്ന ചൂടില്‍
മുകളിലേയ്ക്ക് കുതിച്ചുയര്‍ന്ന്,
ഏറുമ്പുകളെപ്പോലെ കാണുന്ന മനുഷ്യകൂട്ടങ്ങള്‍ക്കു മീതെ
വട്ടം ചുറ്റിപ്പറന്ന്,
ദിശ മാറി കുസൃതി കാട്ടുന്ന കാറ്റില്‍
ചിറകനക്കാതെ ഒഴുകിനടന്ന്,
ഇടയ്ക്കൊന്ന് യോഗിയെപ്പോലെ
കെട്ടിടമുകളില്‍ വിശ്രമിച്ച്‌,
വീണ്ടും ഉന്നതിയുടെ സ്ഫടികത്തുണ്ടുകളെ
ചിറകാല്‍ തഴുകാന്‍ ഉയര്‍ന്നു പൊങ്ങി,
ഓരോ കാഴ്ചയിലും, ഓരോ സ്മൃതിയിലും
എന്റെ മനസിനെ പിടിച്ചുലച്ച്,
കമ്പിയഴികളുടെ ബന്ധനമില്ലാത്ത പരുന്തേ, നീയും!
പിന്നെ ചരട് പൊട്ടിയ എന്റെ സ്വപ്നങ്ങളും,
ഇനിയും ചരട് പൊട്ടാത്ത കുറെ ഓര്‍മകളും.