Friday 24 January 2014

പരാതി

മടുത്തു നിങ്ങളുടെ കൂടെയുള്ള ഈ നശിച്ച ജീവിതം!
ഓന്തിനെപ്പോലെ നിറം മാറുന്ന സ്വഭാവം.
രാവിലെ കണ്ണ്തുറക്കേണ്ട താമസം തുടങ്ങും
അരിശവും ശകാരവും,
ചിലപ്പോൾ ഉപദ്രവവും.
എത്ര ദിവസം കട്ടിലിൽ നിന്ന് താഴെ വീണിരിക്കുന്നു.
അല്ല, വീഴ്ത്തിയിരിക്കുന്നു.
ജോലി ചെയ്താലും കുറ്റം, ഇല്ലേലും കുറ്റം.

അല്പം ആശ്വാസം രാത്രിയിലാണ്.
ലൈറ്റ് അണക്കുന്നതിന് മുൻപ്
സ്നേഹത്തോടെയുള്ള ആ വരവും, ആ നോട്ടവും!!!
ഹോ! ദ്രിശ്യത്തിലെ ലാലേട്ടൻ തോറ്റുപോകും.
നേരം വെളുത്താൽ വീണ്ടും, തഥൈവ!
പ്രാർഥിക്കാത്ത ദൈവങ്ങളില്ല.
നേരാത്ത നേർച്ചകളില്ല.
ഇത്രയൊക്കെ കഷ്ടപ്പെടുത്തുവാൻ
ഭാര്യയൊന്നുമല്ലല്ലൊ മനുഷ്യനേ...
ഒരു പാവം ടൈംപീസ്‌ അല്ലേ ഞാൻ!

എന്റെ കവിത ഉറങ്ങുകയാണ്.

പേനയുടെ തുമ്പിൽ മഷി എത്താഞ്ഞിട്ടല്ല!
കടലാസിന് പേനയോടു നീരസം തോന്നിയിട്ടല്ല!
എഴുത്ത്പലകയും കട്ടൻകാപ്പിയും
മുട്ടൻ ചിന്തകളും ഉണ്ടാവാഞ്ഞിട്ടുമല്ല!!!
പിന്നെയോ, 
"തോന്നുമ്പോൾ തോന്നുമ്പോൾ ഉണ്ടായിവരാൻ 
നീയെനിക്കു ചെലവിനു തരുന്നുണ്ടോ?"
എന്ന് തറുതല പറഞ്ഞ്,
എഴുത്ത്പലകയ്ക്ക് ഒരു ഉഗ്രൻ പുച്ഛവും സമ്മാനിച്ച്‌,
എന്റെ കവിത ഉറങ്ങുകയാണ്.

പാവം! ഉറങ്ങട്ടെ.
കൂടെ എന്റെ വിഭ്രാന്തികളും! 

Monday 20 January 2014

മഴ

ഈ തണുപ്പിലും 
ഞാൻ മഴയ്ക്കായി കൊതിക്കുന്നുവെന്നത്
വിചിത്രം തന്നെ.

ഉള്ളിലൊരായിരം മഴ പെയ്തു തിമിര്ക്കുന്നുണ്ട് ഇപ്പോഴും.
അലൂമിനിയം ഷീറ്റിൽ മഴ തീർത്ത താളവും,
പാറക്കുളത്തിൽ മഴ വരച്ച ഓളവും,
ചുടുമണ്ണിന്റെ മേനിയിൽ നിന്നുയിർത്ത നിശ്വാസവും,
ഇലച്ചാർത്തുകളിൽ പ്രണയബദ്ധരായ സ്ഫടിക ഗോളങ്ങളുടെ കിന്നാരവും!

മഴ പെയ്യുന്നതും കാത്തിരിക്കുന്നു ഞാൻ.

ഈ കോണ്‍ക്രീറ്റു കാട്ടിലെ ചത്ത മഴയെയല്ല,
നാട്ടിൻപുറത്തിന്റെ നന്മ വിട്ടു മാറത്ത മഴയെ.
തൊടിയിലെ കുളത്തിൽ കടലാസുവഞ്ചി ഒഴുക്കാൻ

അടുത്ത മഴക്കാലം എനിക്ക് ചെന്നെത്താനാവുമോ?

Saturday 18 January 2014

ഒരു പ്യൂപ്പയുടെ ആത്മഗതം. എന്റേയും!!!

ഒളിച്ചോടുകയായിരുന്നു ഞാൻ,
ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിലേയ്ക്ക്,
വെളിച്ചത്തുനിന്ന് ഇരുളിലേയ്ക്ക്,
കണ്ടുമുട്ടലുകളിൽ നിന്ന് കാണാമറയത്തേയ്ക്ക്,
ജീവിതത്തിൽ നിന്ന് സ്വപ്നങ്ങളിലേയ്ക്ക്,
ഒളിച്ചോടുകയായിരുന്നു.
എല്ലാ പുഴുക്കളും ശലഭമാകുന്നതിനു മുൻപ് 
പ്യൂപ്പയാവണമായിരിക്കും.
ഈ പുറംതോട് പൊളിച്ചു പറന്ന് പൊങ്ങുന്നത്
ഒരു വലിയ വേദനയാവാം.
ഒരു ചായക്കോപ്പയുടെ ഇരുപുറവും
ഒരായിരം കഥ പറഞ്ഞു കേൾക്കുവാൻ,
പുതുമഴ പെയ്ത മണ്ണിൽ
കാലടി പതിപ്പിച്ചു നടക്കുവാൻ,
സ്വയം സ്നേഹിച്ച് എന്റെ പ്രണയം
വരണ്ടുപോയില്ലെന്നു തെളിയിക്കുവാൻ,
പ്രവാസം അവസാനിക്കുമ്പോൾ
ഈ വേദന കടന്നു ഞാൻ പറന്നു വരും,
ചിറകുകൾ തളർന്നുപോയില്ലെങ്കിൽ!