Wednesday 21 December 2011

കുപ്പി വെള്ളത്തിന്റെ കുമ്പസാരങ്ങള്‍


ശീതീകരിച്ച കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍
നിരയായി വിശ്രമിപ്പതിനു മുന്‍പ്
എനിക്കൊരു ബാല്യമുണ്ടായിരുന്നു,
ഒരു ജനതയെ താലോടിയുണര്‍ത്തിയ യൌവനമുണ്ടായിരുന്നു.
പച്ചക്കാടിന്റെ ഊഷ്മളതയില്‍ നി-
ന്നുയിര്‍കൊണ്ട നാള്‍ മുതലിന്നോളം 
അനേകരുടെ ദാഹമകറ്റിയും കണ്ണീര്‍ അടക്കിയും 
ഞാന്‍ സംതൃപ്തി തേടുകയായിരുന്നു.
ഒഴുക്കിന് തടയിടുന്ന അണക്കെട്ടുകളിലും,
വൈദ്യുതി ജന്മമെടുക്കുന്ന പല്‍ച്ചക്രങ്ങളിലും,
ജീവിതം തുള്ളിക്കളിച്ചപ്പോള്‍ 
ഞാനറിയാതെ ഒരു ദുര എന്നില്‍ രൂപം കൊണ്ടു.
ഉരുളന്‍ കല്ലുകളില്‍ ചിന്നിച്ചിതറി മുറിവേറ്റൊരെന്‍ ശരീരം, 
മിനുസപ്പെടുത്തിയ കോണ്ക്രീറ്റ് പാതയില്‍
അഭിമാനപുളകിതമായി.
എന്നെക്കാത്ത് ക്യു നിന്ന പട്ടണവാസിയുടെ കണ്ണില്‍
ഞാനെന്റെ മതിപ്പ് കണ്ടു സന്തോഷിച്ചു.
സുന്ദര നഗരത്തിന്റെ കരസ്പര്‍ശമേറ്റ് 
പുളകിതയായ ഞാനെന്റെ പൂര്‍വ ജന്മങ്ങളെ വിസ്മരിച്ചു.
തെറ്റ്! തെറ്റ്! എന്നത്മാവ് മന്ത്രിച്ചു.
വൈകിപ്പോയി ഞാന്‍, എത്തിയെന്‍ ദുരയുടെ 
പാപപ്പരിഹാര തീര്‍ത്ഥത്തില്‍.
കരപുരണ്ടെന്റെ പളുങ്കുമേനി കറുപ്പാര്‍ന്നു.
മെഴുക്കു പുരണ്ടെന്റെ വാസന കൈവിട്ടു.
ഒരഴുക്ക് ചാലില്‍ ജന്മം ഒടുങ്ങുമെന്നു കരുതിയ എന്നെ 
രക്ഷിച്ചിവിടെ എത്തിച്ച മഹാമനസ്കരേ, നന്ദി!
ഇന്നെന്നെ നോക്കിടും കണ്ണുകളില്‍ കാണുന്നു ഞാന്‍,
ഒരായിരം ജന്മസംതൃപ്തി.
വീണ്ടും അഭിമാനമുണരുകയായി, പക്ഷെ
കലുഷിതമായോരെന്‍ ആത്മാവിലും,
കപടമാമെന്‍ ശരീരകാന്തിയിലും,
ഒളിഞ്ഞു നില്‍ക്കുന്ന പാപഭാരങ്ങള്‍,
എത്ര തുടിപ്പുകള്‍ വറ്റിക്കും?
എത്ര ഇലയനക്കങ്ങളെ ഹനിക്കും?
ഒരു മഹാ വിപത്തെന്റെ ഗര്‍ഭപാത്രത്തില്‍ 
പേറിയെത്തുന്നു ഞാന്‍!
കോളറയോ, കോഴിപ്പനിയോ, അതോ 
പുതിയ പേരിടാത്ത, 'മരുന്നു വിലപനക്കാരന്റെ കഞ്ഞിയോ?'.
പുറംമോടി നോക്കുന്ന പുതിയ മനസുകളേ,
നിന്റെ അന്ത്യത്തിനായി എത്തുന്നു ഞാന്‍,
നിന്നോടൊപ്പം എരിയുന്ന ചാവേറാവാന്‍,
ഇത് എന്റെ പാപബോധം കറ വീഴ്ത്തിയ 
ആത്മഹത്യാക്കുറിപ്പും!

Tuesday 20 December 2011

ട്രാഫിക്‌ പോലീസുകാരന്‍


"നിങ്ങളുടെ വിഷപ്പുക ശ്വസിച്ചെന്റെ
ശ്വാസകോശം കിഴിഞ്ഞു.
ചെവിതുലയ്ക്കും ഹോണടികള്‍ എന്‍
കേള്‍വിയെ ഹനിച്ചു.
സൂര്യ താപമേറ്റെറ്റെന്റെ
മുടിയിഴകള്‍ കൊഴിഞ്ഞു.
നിങ്ങളുടെ പാത സുഗമമാക്കിയെന്റെ
കൈകാലുകള്‍ തളര്‍ന്നു."
അവിചാരിതമായി കിട്ടിയ ഇടവേളയില്‍
ട്രാഫിക്‌ പോലീസുകാരന്‍ ചിന്തിച്ചു.
ഇരുപതാണ്ടു നീണ്ട ജോലിഭാരത്തെ
ഇനിയും താന്‍ ചുമന്നീടുന്നതെന്തിനോ?
എത്ര കോടി വാഹനങ്ങള്‍ തന്നെ കടന്നു പോയിട്ടുണ്ടാവാം.
എത്ര കോടി മനുഷ്യര്‍ താനെ പ്രാകിയിട്ടുമുണ്ടാകാം.
ഏതോ ക്രിക്കറ്റുകാരന് ടെന്നീസ് എല്‍ബോ വന്നപ്പോള്‍
പ്രാര്‍ത്ഥിക്കാന്‍ ജനകോടികള്‍.
അവര്‍ക്കായി കൈകാലുകള്‍ ചലിപ്പിക്കും തനിക്കു
തേയ്മാനം വന്നാല്‍ ആര്‍ക്കെന്തു ചേതം?
ബച്ചന്റെ മരുമകള്‍ പെറുന്നതും കാത്ത്
നെടുവീര്‍പ്പിടുന്ന ലോകം.
തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളഞ്ഞപ്പോഴും
പൊരി വെയിലത്ത് ഡ്യൂട്ടി ചെയ്തതോര്‍ത്തയാള്‍.
പോം! പോം! ഒരു വേണാടിന്റെ സീല്‍ക്കാരം
അയാളുടെ ചിന്തയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടു.
മുന്‍കാല വൈരാഗ്യം  തീര്‍ക്കാന്‍ കുതികൊള്ളുംപോലെ
നിരന്നിടും യന്ത്ര ഭീമന്മാരെ നോക്കി,
സ്ഥാനം തെറ്റിയ തൊപ്പി നേരെയാക്കി,
അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നകന്നു.
അപ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ പോസ്റ്റില്‍
ചുവപ്പ് ലൈറ്റ് കത്തി നില്പുണ്ടായിരുന്നു.