Thursday 12 July 2012

റിബല്‍

സ്വാതന്ത്ര്യത്തിനു വേണ്ടി കൊതിച്ച മനസിനോടും,
വിപ്ലവത്തിന്റെ ലഹരി തേടിയ ആത്മാവോടും,
വഞ്ചന കാട്ടി ഞാനെന്നും.
എന്‍ സ്വപ്നങ്ങളുടെ ചിറകരിഞ്ഞതും,
എന്‍  മോഹങ്ങളെ  തളച്ചിട്ടതും,
എന്റെ ഭീരുത്വമല്ലാതെ മറ്റെന്ത്!!!
ജീര്‍ണിച്ച സംസ്കാരമേ,
മൃതിയടയുന്ന സമൂഹമേ,
ലജ്ജ തോന്നീടുന്നു,
നിങ്ങളെക്കുറിച്ചല്ല,
എന്റെ ഭീരുത്വത്തെ കുറിച്ച്.
'രാജാവ് നഗ്നനാണെന്നു' വിളിച്ചു പറഞ്ഞ കുട്ടിയുടെ ധൈര്യം,
എന്തേ എനിക്കില്ലാതെ പോയി???
ചാരത്തില്‍ നിന്നും പറന്നുയരാന്‍ കൊതിച്ചു, പക്ഷെ,
മെഴുകുതിരി നാളത്തില്‍ നിന്നും
എന്റെ ചിറകു കരിയാതെ നോക്കാന്‍ മറന്നു.
ഇനി വയ്യ.
തൃപ്തിയടയാതെ മറഞ്ഞ
അനേകം ആത്മാക്കളോടൊപ്പം,
ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്,
ഇനി വിശുദ്ധ യുദ്ധം.
ദുരഭിമാനത്തിനു മേല്‍ കോട്ട കെട്ടി,
സ്വയം പ്രവാചക സ്ഥാനം കെട്ടിയാടുന്നവരേ,
ഇതാ നിങ്ങളുടെ അന്ത്യ കാഹളം,
ഇതാ നിങ്ങളുടെ മരണ മണി!!
മനസേ സമാധാനിക്കുക.
ഇനി സ്വാതന്ത്ര്യത്തിന്റെ നാളുകള്‍.
റിബലുകളെ പിഴുതെറിയുന്ന ബൂര്‍ഷ്വാ സംസ്കാരമേ,
മടങ്ങുക വിസ്മൃതിയിലേയ്ക്ക്..
നിന്റെ നാശവും എന്റെ സ്വാതന്ത്ര്യവും,
ഇതാ ഇവിടെ!!!