Wednesday 3 June 2015

നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം

"സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും."
പഴയൊരു കവിത നെഞ്ചില്‍ കിടന്ന് കേട്ടുക്കൊണ്ടിരുന്ന അവള്‍
പെട്ടെന്ന് ചോദിച്ചു:
"പ്രിയതമാ, ഞാന്‍ ഒരു സംഗതി ചൊല്ലിടട്ടെ?"
അമ്പരപ്പിനിടയിലും അല്‍പം ബോധം വീണ്ടെടുത്ത് 
ഞാന്‍ പറഞ്ഞു:
"സാഹിത്യമൊക്കെ കവിതയില്‍ കൊള്ളാം.
മര്യാദയ്ക്ക് വര്‍ത്താനം പറ പെണ്ണേ"
അതത്ര ദഹിച്ചില്ല എങ്കിലും
ഒന്നും പുറത്ത് കാണിക്കാതെ 
അവള്‍ ലൈന്‍ മാറ്റിപ്പിടിച്ചു.
"എടാ ചെക്കാ, എനിക്കൊരു കാര്യം പറയാനുണ്ട്"
"അതാണ്‌. അങ്ങനെ പറ"
"നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
മഴവില്ലിന്റെ അതിരുകളില്‍ അന്തിയുറങ്ങാം."
ഇതിങ്ങനെ അല്ലല്ലോ.
ഇതിങ്ങനെയേ അല്ലല്ലോ.
ആ! പോട്ടെ!
ഞാന്‍ എന്താണ് പറയുന്നത് എന്ന് കാത്ത് അവളിരിക്കുന്നു.
തലകുലുക്കണോ?
എന്നാലും! ഇതിങ്ങനെ ആയാല്‍ പറ്റില്ലല്ലോ!
ഞാന്‍ ചിരിച്ചു.
തലകുലുക്കാന്‍ ഭാവമില്ലെന്ന് അവള്‍ക്കു മനസിലായികാണണം.

അവളും ചിരിച്ചു.
ഇനിയെങ്കിലും ഞാന്‍ പറയണമല്ലോ. 
പറഞ്ഞേക്കാം.
"പെണ്ണേ, മേഘങ്ങളുടെ ചേല് കണ്ടു കൈനീട്ടേണ്ട.
അവയുടെ വെണ്മ കണ്ട് മതിമറക്കേണ്ട.
അവ പതുപതുത്തവയാണെന്ന് വ്യാമോഹിക്കുകയും വേണ്ട.
മേഘങ്ങളെപ്പറ്റി എഴുതപ്പെട്ടവ എല്ലാം കളവുകളാണ്.
ഞാന്‍ എഴുതിയവയും കളവുകളാണ്.
അങ്ങനെ അങ്ങനെ
മേഘങ്ങളെക്കുറിച്ചും അല്ലാതെയും
നമ്മള്‍ എഴുതിക്കൂട്ടിയ കളവുകളാണ് 
ഇക്കാണുന്ന മേഘങ്ങളൊക്കെയും.
ആദ്യം മനസ്സില്‍ നിന്നും 
നുണയുടെ ഒരു ചെറിയ അരുവി പുറപ്പെടുകയായി.
അത് പയ്യെപ്പയ്യെ മനസ് മുഴുവന്‍ പരക്കുമ്പോള്‍ 
നുണയന്മാരും നുണച്ചികളും
ഉണ്ടാവുന്നു.
വേണ്ടിടത്തും വേണ്ടാത്തിടത്തും
നുണകള്‍ പെറ്റ്പെരുകുന്നു.
ശത്രുക്കളോടും മിത്രങ്ങളോടും

നുണ പറയുന്നു.
അറിയാത്തവരോടും അറിയാമെന്ന് കരുതുന്നവരോടും
നുണ പറയുന്നു.
നുണ പെരുകുന്നു.
നുണ ശീലമാകുന്നു.
നുണ സ്വഭാവമാകുന്നു.
നുണ സംസ്കാരമാകുന്നു.
നുണകള്‍ കൂട്ടിയിടിച്ച്, 
നുണകളാല്‍ ആളുകള്‍ കൂട്ടിയിടിപ്പിക്കപ്പെട്ട്,
ചൂട് കൂടുന്നു.
നുണകളൊക്കെയും വായുവില്‍ അലിയുന്നു.
ഉയര്‍ന്നു പൊങ്ങി മുകളില്‍ എത്തുന്നു.
മേഘങ്ങളാകുന്നു."
അവള്‍ കെറുവിച്ചു നോക്കി
"സാഹിത്യം വേണ്ടെന്ന് നീയല്ലേ പറഞ്ഞത് ചെക്കാ."
നമുക്കെന്തിനും ന്യായങ്ങളുണ്ടല്ലോ!
"ഇത് സാഹിത്യമല്ലല്ലോ, സത്യമല്ലേ.
പരമമായ സത്യം"
"പെണ്ണേ, നമ്മുക്ക് മേഘങ്ങളെ പിന്നില്‍ ഉപേക്ഷിക്കാം.
അവയെ നോക്കി സ്വപ്നം കാണാതിരിക്കാം.
നമ്മുക്ക് വയലുകളെ നോക്കി സ്വപ്നം കാണാം.
ദൂരെ ദൂരെ മേഘങ്ങള്‍ നിഴല്‍ വീഴ്ത്താത്ത ഗ്രാമങ്ങളിലൊന്നില്‍
നമ്മുക്ക് ചെന്ന് രാപാര്‍ക്കാം.
നുണകള്‍ തങ്ങളുടെ നുണകളെ സംരക്ഷിക്കട്ടെ!"
ഇത്തവണ വിയോജിപ്പില്ല.
കണ്ണുകളില്‍ സ്ഫുരിക്കുന്ന പ്രണയം മാത്രം.
"ചെക്കാ, നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
എനിക്ക് നീയും നിനക്ക് ഞാനും."
ഞാന്‍ ചിരിച്ചു. അവളും.
ഞാന്‍ ചിന്തിച്ചു. ഇത്തവണ പക്ഷേ ഞാന്‍ മാത്രം.
"മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും
ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???"
മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.