മഴ പറഞ്ഞത്...



കുട്ടിക്കാലത്ത് മഴയത്ത് കുളിച്ചതിന്റെയും  

ചെളി തെറിപ്പിച്ചു ഓടിയതിന്റെയുമൊന്നും 
ഓര്‍മ്മകള്‍ മനസിലില്ല.
മഴ പെയ്തു പുതഞ്ഞ മണ്ണില്‍
പന്ത് തട്ടി കളിച്ചിട്ടുമില്ല.
എങ്കിലും എല്ലാ മലയാളികളെയും പോലെ,
മഴ എന്നുമെനിക്കൊരു ഹരമായിരുന്നു.
മഴയോട് എനിക്കെന്നും പ്രണയമായിരുന്നു.
തൊടിയിലെ പാറക്കുളത്തില്‍ മഴ ജന്മം കൊടുത്ത  
അടങ്ങാത്ത ഓളങ്ങളെയും നോക്കി 
കഥകള്‍ നെയ്യുമ്പോഴും,
വിട്ടുപോകാന്‍ കൂട്ടാക്കാത്ത കുട്ടിത്തത്തിന്റെ കുസൃതികള്‍ 
കടലാസ് വള്ളങ്ങളായി ഒഴുക്കി വിട്ടപ്പോഴും,
മഴയോട് ഞാനെന്റെ പ്രണയം ചൊല്ലുകയായിരുന്നു.
ഇന്ന്,
എന്റെ കോണ്‍ക്രീറ്റ് കൂരയുടെ മേലെ,
വേനല്‍ മഴ അലുമിനിയം ഷീറ്റില്‍ സൃഷ്ടിക്കുന്ന 
ശബ്ദകോലാഹലങ്ങള്‍ക്ക് കാതോര്‍ത്തു കിടന്നപ്പോള്‍,
ആ മഴത്തുള്ളികലെന്റെ മുഖത്ത്  
നേരെ വീണിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു.
അങ്ങനെ കൊതി തീരാതെ നോക്കി നിന്ന എന്നോട് മഴ പറഞ്ഞു:
"നിന്റെ മനസ് മുഴുവനും കറുപ്പാണ്.
പണത്തിന്റെ,
സുഖഭോഗങ്ങളുടെ,
സ്വാര്‍ഥതയുടെ,
അത്യാഗ്രഹങ്ങളുടെ 
കറ പുകയുന്ന കറുപ്പ്.
ആദ്യം ആ കറുപ്പ് കഴുകിക്കളയ്യ്‌.
എന്നിട്ട് ഞാന്‍ നിന്നെ പ്രണയിക്കാം."
മാമ്പഴത്തിനായ് കാത്തിരിക്കുന്ന നാട്ടുവഴിത്താരയും,
വിഷമുക്തമായ മണ്ണിനും വെള്ളത്തിനും വായുവിനുമായി കൊതിക്കുന്ന ജീവജാലങ്ങളും,
വിസ്മ്രിതിയിലാണ്ട് പോവുന്ന നാട്ടറിവുകളും,
പൊള്ളിക്കുന്ന യാഥാര്‍ധ്യങ്ങളായി നിലകൊള്ളുന്ന ഈ ലോകത്തില്‍,
മഴ എനിക്ക് ഗുരുനാഥയാവുകയായിരുന്നു.
ഈ പാപക്കറകളൊക്കെ കഴുകിക്കളയാന്‍,
ഒരു മടക്കം അനിവാര്യമാണെന്ന് എനിക്കും തോന്നുന്നു.
മടങ്ങണം.
ഗ്രാമത്തിന്റെ നന്മകളിലേയ്ക്ക്..
പ്രകൃതിയുടെ കരലാളനയിലേയ്ക്ക് ...
മരിക്കുന്ന മനസിലെ
മരിക്കാത്ത മൂല്യങ്ങളിലേയ്ക്ക്...... 

No comments:

Post a Comment