Tuesday 22 September 2015

ശരികള്‍ മാത്രം തേടുന്നവര്‍ക്ക്

ഒറ്റയ്ക്കിരിക്കുമ്പോഴാണ്
തിരിച്ചറിവുകളും വെളിപാടുകളും
ഉണ്ടാവുന്നത്.
കൂട്ടുണ്ടാവുമ്പോള്‍
തിരിച്ചറിവുകളും വെളിപാടുകളും 
തെറ്റായിരുന്നു എന്ന ബോധ്യവും.
തെറ്റുകള്‍ ഉണ്ടാവേണ്ടത്
കൂടുതല്‍ വലിയ ശരികളുടെ
പിറവിക്ക് അനിവാര്യമാണ്
എന്നതുകൊണ്ട്‌,
നാളെ തെറ്റാണെന്ന് ബോധ്യം ഉണ്ടാകുവാന്‍,
കൂടുതല്‍ തിരിച്ചറിവുകളും വെളിപാടുകളും
ഇന്നിനിയും ഉണ്ടാവട്ടെ.
കൂട്ടുണ്ടാവുമ്പോഴും,
തെറ്റുകള്‍ മരണപ്പെടാതിരിക്കാന്‍,
മനസ്സിലൊരു കോണില്‍
ഞാനിനിയും ഒറ്റയ്ക്കിരിക്കട്ടെ.
ശരികള്‍ മാത്രം തേടുന്നവരെ നോക്കി
ഞാനിനിയൊന്ന് പുഞ്ചിരിക്കട്ടെ.
പുച്ഛം വിതറട്ടെ.

Thursday 10 September 2015

കവിത

അനേകം കഥപറച്ചിലുകളുടെ ഇടയിലേയ്ക്ക്
വലിഞ്ഞുകയറിവന്ന
കവിതയായിരുന്നു
അന്ന് പ്രണയം.

ഇന്ന്,
കഥകളിലെല്ലാം
കവിത ഒളിഞ്ഞിരിക്കുകയാണ്.
മഞ്ഞ ചുവപ്പില്‍ എന്നതുപോലെ.

Wednesday 3 June 2015

നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം

"സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും."
പഴയൊരു കവിത നെഞ്ചില്‍ കിടന്ന് കേട്ടുക്കൊണ്ടിരുന്ന അവള്‍
പെട്ടെന്ന് ചോദിച്ചു:
"പ്രിയതമാ, ഞാന്‍ ഒരു സംഗതി ചൊല്ലിടട്ടെ?"
അമ്പരപ്പിനിടയിലും അല്‍പം ബോധം വീണ്ടെടുത്ത് 
ഞാന്‍ പറഞ്ഞു:
"സാഹിത്യമൊക്കെ കവിതയില്‍ കൊള്ളാം.
മര്യാദയ്ക്ക് വര്‍ത്താനം പറ പെണ്ണേ"
അതത്ര ദഹിച്ചില്ല എങ്കിലും
ഒന്നും പുറത്ത് കാണിക്കാതെ 
അവള്‍ ലൈന്‍ മാറ്റിപ്പിടിച്ചു.
"എടാ ചെക്കാ, എനിക്കൊരു കാര്യം പറയാനുണ്ട്"
"അതാണ്‌. അങ്ങനെ പറ"
"നമ്മുക്ക് മേഘങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
മഴവില്ലിന്റെ അതിരുകളില്‍ അന്തിയുറങ്ങാം."
ഇതിങ്ങനെ അല്ലല്ലോ.
ഇതിങ്ങനെയേ അല്ലല്ലോ.
ആ! പോട്ടെ!
ഞാന്‍ എന്താണ് പറയുന്നത് എന്ന് കാത്ത് അവളിരിക്കുന്നു.
തലകുലുക്കണോ?
എന്നാലും! ഇതിങ്ങനെ ആയാല്‍ പറ്റില്ലല്ലോ!
ഞാന്‍ ചിരിച്ചു.
തലകുലുക്കാന്‍ ഭാവമില്ലെന്ന് അവള്‍ക്കു മനസിലായികാണണം.

അവളും ചിരിച്ചു.
ഇനിയെങ്കിലും ഞാന്‍ പറയണമല്ലോ. 
പറഞ്ഞേക്കാം.
"പെണ്ണേ, മേഘങ്ങളുടെ ചേല് കണ്ടു കൈനീട്ടേണ്ട.
അവയുടെ വെണ്മ കണ്ട് മതിമറക്കേണ്ട.
അവ പതുപതുത്തവയാണെന്ന് വ്യാമോഹിക്കുകയും വേണ്ട.
മേഘങ്ങളെപ്പറ്റി എഴുതപ്പെട്ടവ എല്ലാം കളവുകളാണ്.
ഞാന്‍ എഴുതിയവയും കളവുകളാണ്.
അങ്ങനെ അങ്ങനെ
മേഘങ്ങളെക്കുറിച്ചും അല്ലാതെയും
നമ്മള്‍ എഴുതിക്കൂട്ടിയ കളവുകളാണ് 
ഇക്കാണുന്ന മേഘങ്ങളൊക്കെയും.
ആദ്യം മനസ്സില്‍ നിന്നും 
നുണയുടെ ഒരു ചെറിയ അരുവി പുറപ്പെടുകയായി.
അത് പയ്യെപ്പയ്യെ മനസ് മുഴുവന്‍ പരക്കുമ്പോള്‍ 
നുണയന്മാരും നുണച്ചികളും
ഉണ്ടാവുന്നു.
വേണ്ടിടത്തും വേണ്ടാത്തിടത്തും
നുണകള്‍ പെറ്റ്പെരുകുന്നു.
ശത്രുക്കളോടും മിത്രങ്ങളോടും

നുണ പറയുന്നു.
അറിയാത്തവരോടും അറിയാമെന്ന് കരുതുന്നവരോടും
നുണ പറയുന്നു.
നുണ പെരുകുന്നു.
നുണ ശീലമാകുന്നു.
നുണ സ്വഭാവമാകുന്നു.
നുണ സംസ്കാരമാകുന്നു.
നുണകള്‍ കൂട്ടിയിടിച്ച്, 
നുണകളാല്‍ ആളുകള്‍ കൂട്ടിയിടിപ്പിക്കപ്പെട്ട്,
ചൂട് കൂടുന്നു.
നുണകളൊക്കെയും വായുവില്‍ അലിയുന്നു.
ഉയര്‍ന്നു പൊങ്ങി മുകളില്‍ എത്തുന്നു.
മേഘങ്ങളാകുന്നു."
അവള്‍ കെറുവിച്ചു നോക്കി
"സാഹിത്യം വേണ്ടെന്ന് നീയല്ലേ പറഞ്ഞത് ചെക്കാ."
നമുക്കെന്തിനും ന്യായങ്ങളുണ്ടല്ലോ!
"ഇത് സാഹിത്യമല്ലല്ലോ, സത്യമല്ലേ.
പരമമായ സത്യം"
"പെണ്ണേ, നമ്മുക്ക് മേഘങ്ങളെ പിന്നില്‍ ഉപേക്ഷിക്കാം.
അവയെ നോക്കി സ്വപ്നം കാണാതിരിക്കാം.
നമ്മുക്ക് വയലുകളെ നോക്കി സ്വപ്നം കാണാം.
ദൂരെ ദൂരെ മേഘങ്ങള്‍ നിഴല്‍ വീഴ്ത്താത്ത ഗ്രാമങ്ങളിലൊന്നില്‍
നമ്മുക്ക് ചെന്ന് രാപാര്‍ക്കാം.
നുണകള്‍ തങ്ങളുടെ നുണകളെ സംരക്ഷിക്കട്ടെ!"
ഇത്തവണ വിയോജിപ്പില്ല.
കണ്ണുകളില്‍ സ്ഫുരിക്കുന്ന പ്രണയം മാത്രം.
"ചെക്കാ, നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം.
എനിക്ക് നീയും നിനക്ക് ഞാനും."
ഞാന്‍ ചിരിച്ചു. അവളും.
ഞാന്‍ ചിന്തിച്ചു. ഇത്തവണ പക്ഷേ ഞാന്‍ മാത്രം.
"മേഘങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞുനിര്‍ത്തിയ നുണകളും
ഇനിയെങ്ങാനും മേഘങ്ങള്‍ ആകുമോ???"
മുഖമൂടിക്കുള്ളില്‍ ഞാന്‍ ഭ്രാന്തമായി പൊട്ടിപ്പൊട്ടിച്ചിരിച്ചു.

Friday 24 April 2015

ചത്ത പല്ലുകളും ചാവാത്ത മരങ്ങളും

കേടു വന്ന പല്ലെടുക്കാന്‍ ചെന്നപ്പോള്‍
ചെറുപ്പക്കാരന്‍ ഡോക്ടറിനോട്‌
പല്ലുവേദന ആണെന്ന് പറഞ്ഞു പോയി.
"അതിന് പല്ലുകള്‍ക്ക് വേദനിക്കില്ലെടോ.
അവ ചത്തു ജീവിക്കുകയാണ്.
വേരുറപ്പിച്ചു നില്ക്കാന്‍ അനുവദിക്കുന്ന എല്ലുകളുടെയും,
പൊതിഞ്ഞു നില്‍കുന്ന മാംസത്തിന്റെയും
ദാക്ഷിണ്യത്തില്‍ അവയങ്ങനെ ചത്തു ജീവിക്കുകയാണ്."
ശരിയാണ്!
അവ തോന്നിയത് പോലെ തിന്നുന്നു. കുടിക്കുന്നു.
ഒടുവില്‍ കേടാവുന്നു.
അഭയം തന്ന എല്ലുകള്‍ക്കും
പൊതിഞ്ഞു കാത്ത ദശയ്ക്കും
വേദന നല്‍കുന്നു.
ഒടുക്കം, വീണ്ടും വേദനയും
ബോണസായി കുറെ തുന്നിക്കെട്ടലുകളും നല്‍കി,
അവ യാത്ര പറയുന്നു.
ചത്ത പല്ലുകള്‍!
ഹൌ!! അതെഴുതിയപ്പോള്‍
ഇന്നലെയിട്ട തുന്നലുകള്‍ക്കടുത്ത് നല്ല വേദന.
അവയ്ക്കെല്ലാം മനസിലാക്കാനവുന്നുണ്ടാവും.
ഈ ദുഷിപ്പെല്ലാം എഴുതിയതിനു
അനുഭവിക്കട്ടെ എന്ന് കരുതിയിട്ടുണ്ടാവും!!

പല്ലുകളുടെ വേരുകളെപറ്റി ഓര്‍ത്തപ്പോള്‍
മനസ്സില്‍ വന്നത് മരങ്ങളെക്കുറിച്ചാണ്.
ചത്തു ജീവിക്കുന്ന പല്ലുകളും
ചത്ത മണ്ണിനെ ഉയിര്‍പ്പിക്കുന്ന മരങ്ങളും
ഒരിക്കലും ഒരേ ചേരിയില്‍ ആവാന്‍ പറ്റില്ലല്ലോ.
സത്യത്തില്‍ നാമൊക്കെയും പിറവി കൊണ്ടത്‌
മരങ്ങള്‍ ആവാനാണ്.
തണലും തണുപ്പും
വായുവും വെള്ളവും,
ജീവനും നല്‍കുന്ന മരങ്ങള്‍.
വേരുറപ്പിച്ച മണ്ണിനെ സജീവമാക്കി കാക്കുന്നവര്‍.
എന്നാല്‍, നാമൊക്കെയും ചത്ത പല്ലുകളെപ്പോലെയാണ്.
നില്ക്കാന്‍ ദാനം കിട്ടിയ ഇടം പോലും
കേടു വരുത്തുന്നവര്‍.
എനിക്കിനിയെങ്കിലും ഒരു ചെറു മരമാകണം.
ഒരു പുല്‍ക്കൊടിക്കെങ്കിലും തണല്‍ നല്‍കണം.
നിലനില്‍ക്കാന്‍ ദാനം കിട്ടിയ ഇടത്തിനെ
നശിച്ചു പോകാന്‍ വിട്ടുകൊടുത്തവന്റെ
ജീവനെക്കുറിച്ചുള്ള അവസാനത്തെ സ്വപ്നം!
ഒരിക്കല്‍, എനിക്കുമൊരു മരമാവണം.