"നിങ്ങളുടെ വിഷപ്പുക ശ്വസിച്ചെന്റെ
ശ്വാസകോശം കിഴിഞ്ഞു.
ചെവിതുലയ്ക്കും ഹോണടികള്‍ എന്‍
കേള്‍വിയെ ഹനിച്ചു.
സൂര്യ താപമേറ്റെറ്റെന്റെ
മുടിയിഴകള്‍ കൊഴിഞ്ഞു.
നിങ്ങളുടെ പാത സുഗമമാക്കിയെന്റെ
കൈകാലുകള്‍ തളര്‍ന്നു."
അവിചാരിതമായി കിട്ടിയ ഇടവേളയില്‍
ട്രാഫിക് പോലീസുകാരന്‍ ചിന്തിച്ചു.
ഇരുപതാണ്ടു നീണ്ട ജോലിഭാരത്തെ
ഇനിയും താന്‍ ചുമന്നീടുന്നതെന്തിനോ?
എത്ര കോടി വാഹനങ്ങള്‍ തന്നെ കടന്നു പോയിട്ടുണ്ടാവാം.
എത്ര കോടി മനുഷ്യര്‍ താനെ പ്രാകിയിട്ടുമുണ്ടാകാം.
ഏതോ ക്രിക്കറ്റുകാരന് ടെന്നീസ് എല്‍ബോ വന്നപ്പോള്‍
പ്രാര്‍ത്ഥിക്കാന്‍ ജനകോടികള്‍.
അവര്‍ക്കായി കൈകാലുകള്‍ ചലിപ്പിക്കും തനിക്കു
തേയ്മാനം വന്നാല്‍ ആര്‍ക്കെന്തു ചേതം?
ബച്ചന്റെ മരുമകള്‍ പെറുന്നതും കാത്ത്
നെടുവീര്‍പ്പിടുന്ന ലോകം.
തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളഞ്ഞപ്പോഴും
പൊരി വെയിലത്ത് ഡ്യൂട്ടി ചെയ്തതോര്‍ത്തയാള്‍.
പോം! പോം! ഒരു വേണാടിന്റെ സീല്‍ക്കാരം
അയാളുടെ ചിന്തയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടു.
മുന്‍കാല വൈരാഗ്യം തീര്‍ക്കാന്‍ കുതികൊള്ളുംപോലെ
നിരന്നിടും യന്ത്ര ഭീമന്മാരെ നോക്കി,
സ്ഥാനം തെറ്റിയ തൊപ്പി നേരെയാക്കി,
അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നകന്നു.
അപ്പോള്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റില്‍
ചുവപ്പ് ലൈറ്റ് കത്തി നില്പുണ്ടായിരുന്നു.
No comments:
Post a Comment