Friday 14 March 2014

മൗനം.

സായാഹ്നങ്ങളുടെ ബഹളങ്ങളെ തുളച്ചുവരുന്ന
പള്ളിമണിയുടെ മുഴക്കങ്ങള്‍ക്കിടയില്‍,
രണ്ടായിപകുത്തെടുത്ത തേന്‍മിട്ടായിയുടെ
വലിയപകുതി വച്ചുനീട്ടിയ കുസൃതിച്ചിരിയുടെ മുന്നില്‍,
വേനല്‍വറുതിയുടെ മരണകാഹളം മുഴക്കിയെത്തുന്ന
ആദ്യമഴയുടെ താളത്തുടിപ്പുകള്‍ക്കുള്ളില്‍,
അരണ്ടവെളിച്ചത്തില്‍ അടഞ്ഞ വാതിലിനപ്പുറം
പിറവിയുടെ ആദ്യതാളത്തിന്റെ കാത്തിരിപ്പിനിടയില്‍,
കുഞ്ഞിക്കുടുക്കയുടെ വികൃതിത്തരങ്ങളെ ശാസിക്കാനാകാതെ,
തന്റെ ബാല്യമോര്‍ത്ത്‌ ഉള്ളാലെ ചിരിച്ച പിതൃമനസിനുള്ളില്‍,
ഒരു പരിഭവത്തിനും ചുംബനത്തിനുമിടയിലെ
സുഖമുള്ള വേദനയുടെ ദൂരത്തിനിടയില്‍,
വഴിപിരിയുന്നിടത്ത് പിരിയാന്‍ കഴിയാതെ
വിതുമ്പിനിന്നുപോയ കണ്ണുകളുടെ യാത്രാമൊഴിയില്‍,
പ്രാണന്റെ പകുതി പകുത്തുകൊണ്ട് പോയ
ഓര്‍മകളുടെ മണ്‍കൂമ്പാരത്തിന്,
പുലര്‍മഞ്ഞിന്റെ കുളിരിലും വിറയാര്‍ന്ന കൈകളാല്‍
സമ്മാനിച്ച്‌ പോന്ന ചുവന്ന റോസാപ്പൂക്കളില്‍,
ഇനിയും ചൊല്ലാതെ കാത്തുവെച്ച കവിതകളില്‍,
പൂര്‍ത്തിയാക്കാതെ പോയ ചിത്രങ്ങളില്‍,
മൗനം തീക്ഷ്ണം. സുന്ദരം. വാചാലം.

No comments:

Post a Comment