Wednesday 2 April 2014

നാലാമത്തെ പ്രസവം

പള്ളിപ്പറമ്പിൽ സ്റ്റീഫന്റെ ഭാര്യ നാലാമതും ഗർഭിണിയായി എന്ന ചൂടുള്ള വാർത്ത കേട്ടാണ് ഗ്രാമം അന്ന് ഉറക്കമുണര്‍ന്നത്‌. ഏതു അടുക്കള രഹസ്യവും അങ്ങാടിപ്പാട്ടാക്കുന്ന പോളിസി മേരിയാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഈ വാര്‍ത്ത കണ്ടെത്തിയതും ഒട്ടും പ്രൊഫഷണലിസം കുറയാതെ പ്രചരിപ്പിച്ചതും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മേരിയുടെ മിടുക്ക് നാട്ടുകാര്‍ പണ്ടേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വെയിലിനു ചൂടേറുന്നതിനുമുന്‍പേ സ്റ്റീഫന്റെ വീടും പ്രാന്തപ്രദേശങ്ങളും ഒരു ഉത്സവത്തിനുള്ള ആളുകളെക്കൊണ്ട് നിറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ വാര്‍ത്താസംപ്രേക്ഷണ പരിപാടിയില്‍ അകമഴിഞ്ഞ് സഹകരിച്ചതിനാല്‍ വീണ്ടും വീണ്ടും ആളുകള്‍ വന്നുകൊണ്ടിരുന്നു. 

പള്ളിപ്പറമ്പില്‍ സ്റ്റീഫന്‍. പള്ളിപ്പറമ്പില്‍ അവറാച്ചന്റെ ഏക സന്തതി. അവറാച്ചന്റെ കീശയുടെ കനം കൊണ്ടും ഉന്നതങ്ങളിലെ പിടിപാട് കൊണ്ടും വിലയ്ക്ക് വാങ്ങിയ സീറ്റില്‍ നാല് വര്‍ഷം കോപ്രായം കാണിച്ചുകൂട്ടി കൈക്കലാക്കിയ എഞ്ചിനീയറിംഗ് ഡിഗ്രി ഒരു സുപ്രഭാതത്തില്‍ വലിച്ചെറിഞ്ഞ് കപ്പ നടാനും കള പറിക്കാനുമിറങ്ങിയ യുവതുര്‍ക്കി. നാട്ടുഭാഷയില്‍ 'തലതിരിഞ്ഞവന്‍'. പരാതി പറയാനെത്തിയ സ്റ്റാഫ് നേഴ്സിനോട് 'വൈകിട്ടെന്താണ് പരിപാടി'യെന്ന്‍ ചോദിച്ച എം.ഡി.യെ ചെരുപ്പിനെറിഞ്ഞു ആശുപത്രി വിട്ടവളെ സ്റ്റീഫന്‍ കെട്ടിക്കൊണ്ടു വന്നപ്പോള്‍ 'രണ്ടിനെയും ഒരു വണ്ടിക്കു കെട്ടാമെന്ന്' കമന്റ്റടിച്ചത് പോളിസി മേരി തന്നെ. അപ്പന്റെ കാശും കുടുംബ സ്വത്തും ഉപേക്ഷിച്ചു കെട്ടിയ പെണ്ണിനേയും കൊണ്ട് ഓടിട്ട വാടകവീട്ടിലേയ്ക്ക് സ്റ്റീഫന്‍ വന്നുകേറിയപ്പോള്‍ അതിത്ര പൊല്ലാപ്പാകുമെന്ന് ആരും കരുതിയില്ല.
രണ്ടാമത്തെ കുട്ടിയുടെ ജനനം മുതല്‍ക്കേ നാട്ടുകാരുടെ കണ്ണിലെ കരടായിരുന്നു സ്റ്റീഫന്‍. രണ്ടാമത്തെ കുട്ടിയുടെ ജനനസമയത്ത് പൗരസമിതിയും പോലീസും ചേര്‍ന്ന് സ്റ്റീഫന് മുന്നറിയിപ്പ് നല്‍കി.മൂന്നാമത്തെ കുട്ടിയുടെ ജനനത്തോടെ അവനും കുടുംബത്തിനും നാട്ടുകാര്‍ വിലക്ക് കല്‍പിച്ചു. മഞ്ഞപ്പത്രങ്ങള്‍ നാണിച്ചു പോകുന്ന കഥകള്‍ അടുക്കളയില്‍ നിന്ന് അടുക്കളയിലെയ്ക്കും നാല്‍കവലയില്‍ നിന്ന് നാല്‍കവലയിലേയ്ക്കും പടര്‍ന്നു. ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാര്‍ വിത്തുകാള എന്ന് വിളിച്ചു തുടങ്ങിയതോടെ സ്റ്റീഫന്‍ വീട് വിട്ടു പുറത്തിറങ്ങാതെയായി.
പത്തരയോടെ നാട്ടിലെ പ്രധാന പത്രക്കാരും ചാനലുകളും കൂടെ മഞ്ഞപ്പത്രക്കാരും ലോക്കല്‍ ചാനലുകളും സ്റ്റീഫന്റെ വീട് വളഞ്ഞു. വീടിന്റെ പല പോസിലുള്ള ഫോട്ടോകള്‍ക്ക് വേണ്ടി ക്യാമറ ഫ്ലാഷുകള്‍ തുരുതുരാ മിന്നി. ബാക്കി പരിപാടികളെല്ലാം നിര്‍ത്തിവെച്ചു ചാനലുകള്‍ വീടിന്റെ പല ആംഗിളുകളില്‍ ഉള്ള ചിത്രങ്ങള്‍ നിര്‍ത്താതെ കാണിച്ചു തുടങ്ങി. ബ്ലൂഫിലിമോയെന്നു സംശയിച്ചു പോകുന്ന ഗര്‍ഭ നിരോധന ഉറകളുടെ പരസ്യങ്ങള്‍ കൊണ്ട് ഇടവേളകള്‍ നിറഞ്ഞു. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള സ്റ്റുഡിയോകളിലിരുന്ന് സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഡെയ്സിയുടെ നാലാമത്തെ പ്രസവത്തെ പറ്റി സംവദിക്കുവാന്‍ ആരംഭിച്ചു. പക്ഷെ, ചര്‍ച്ച അയാള്‍ രാജ്യത്തിന്റെ വനിതാമന്ത്രിയെക്കുറിച്ചും പ്രസവം തത്സമയം ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയ നടിയെക്കുറിച്ചുമൊക്കെയാവാന്‍ അധികം സമയം വേണ്ടിവന്നില്ല. 11 മണിക്ക് ജനങ്ങള്‍ക്ക്‌ അവിശ്വസനീയമാം വണ്ണം എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് പാര്‍ട്ടിക്കാര്‍ ജാഥയായി വന്നെത്തി.വീട്ടിലേയ്ക്കുള്ള വഴിയുടെ ഇരുവശവും വിവിധ പാര്‍ട്ടികളുടെ സമരപ്പന്തലുകള്‍ ഉയര്‍ന്നു. ബഹുമാന്യനായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ഘോരഘോരം പ്രസംഗിച്ചു തുടങ്ങി.
അസന്തുലിതമായ പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തില്‍ തുടങ്ങിയ പ്രസംഗം സ്റ്റീഫനെ പോലെയുള്ള ആളുകളുടെ ആത്മനിയന്ത്രണമില്ലായ്മ മൂലമാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയെ പഴി പറയുന്നത് എന്ന് വരെ എത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷിനുകളുടെ എണ്ണം എടുത്തു പറയുവാനും ഗ്രാമമുഖ്യന്‍ മറന്നില്ല. സ്റ്റീഫന്‍ അമേരിക്കയുടെ പണം വാങ്ങുന്നുണ്ടോ എന്ന് സി.ബി.ഐ. അന്വേഷിക്കണം എന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ പുച്ചവും ചൈന എന്ന് കേള്‍ക്കുമ്പോള്‍ ആരവവും ഉയര്‍ന്നു. ആളുകൂടിയപ്പോള്‍ അവിടിവിടെ ചെറിയ തട്ടുകടകളും മിടായിവില്‍പനക്കാരും കൈനോട്ടക്കാരും എത്തി. പോലീസുകാരില്‍ ചിലര്‍ നാട്ടുകാരുടെയൊപ്പം അടുത്തുള്ള തെങ്ങിന്‍തോപ്പില്‍ ചീട്ടുകളി തുടങ്ങി. പോലീസുതൊപ്പിയില്‍ വെള്ളയ്ക്കാക്കുണുക്കുകള്‍ വീണു നിറഞ്ഞു. 


മുദ്രാവാക്യങ്ങള്‍ ഉച്ചസ്ഥായിയിലായി. ചുരുട്ടിയ മുഷ്ടികള്‍ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. അവതാരികമാരുടെ മുഖം മിനുക്കി മേയ്ക്കപ്പ്മാന്മാരുടെ കൈകള്‍ കുഴഞ്ഞു. ഇത്രയും നേരമായിട്ടും വാതില്‍ തുറക്കപ്പെടാത്തതിനാല്‍ ആത്മഹത്യയ്ക്കുള്ള സാധ്യത ചില ചാനലുകള്‍ ഉന്നയിച്ചു. എന്നാല്‍ നാട്ടുകാര്‍ക്ക്‌ അതിനോട് താല്പര്യമില്ല എന്ന് തോന്നി. ആത്മഹത്യ ഇപ്പോള്‍ ഒരു ഫാഷന്‍ അല്ലല്ലോ! അതിബുദ്ധിമാനായ ഒരു ഫോട്ടോഗ്രാഫര്‍ വീടിനുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ മേല്‍ക്കൂരയിലെ വിടവിനുള്ളിലൂടെ ക്യാമറ കെട്ടിയിറക്കുവാന്‍ ആരംഭിച്ചു.
എന്നാല്‍ അപ്പോഴേയ്ക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉമ്മറവാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനും കുടുംബവും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ചീട്ടുകളിക്കുന്ന പോലീസുകാരുടെ അട്ടഹാസങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശബ്ദവും നിലച്ചു. രാഷ്ട്രീയക്കാര്‍ അടുത്തത് എന്താണെന്ന് അറിയാന്‍ തമ്മില്‍ത്തമ്മില്‍ നോക്കി. ഒടുവില്‍ അവര്‍ നേതാവിനെ നോക്കി. നേതാവ് ഡെയ്സിയുടെ വയറിന്റെയാണെന്ന് തോന്നുന്നു, വ്യാസം അളക്കുകയായിരുന്നു. ചുറ്റും കാഴ്ച്ചക്കാരായി നില്‍ക്കുന്ന ആയിരങ്ങള്‍ക്ക് നടുവിലൂടെ സ്റ്റീഫനും ഗര്‍ഭിണിയായ ഡെയ്സിയും മൂന്ന് കുട്ടികളും നടന്നു കണ്ണില്‍ നിന്നും മറഞ്ഞു. അപ്പോഴും പോലീസുകാര്‍ ചീട്ടുകളിച്ചുകൊണ്ടിരുന്നു.

1 comment: