Thursday 11 September 2014

ശിശിര നിദ്ര

കടലാസ് ലാഭിച്ച്, കാടിനെ സംരക്ഷിക്കാൻ 
എഴുത്ത് യന്ത്രവൽക്കരിച്ച ദിവസമാണ് 
എന്റെ കവിതയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങിയത്.
സംസാരം കുറച്ച്, സമയം ലാഭിക്കാൻ 
ബന്ധങ്ങളെ യന്ത്രവൽകരിച്ച ദിവസമാണ് 
എന്റെ പരിചിതർ അപരിചിതരാവാൻ തുടങ്ങിയത്.
ചിരി മറച്ച്, ആളുകളെ ഒഴിവാക്കാൻ 
മുഖംമൂടി അണിഞ്ഞ ദിവസമാണ് 
എന്നെ ഞാൻ കൈവിട്ടു തുടങ്ങിയത്.
ഓർമകളെ അഴിച്ചുവിട്ട്‌, ഒളിച്ചോട്ടം തുടങ്ങിയപ്പോളാണ് 
ആ മുഖംമൂടിക്ക് പിന്നിലെ എന്നെ 
ഞാൻ മറന്നു തുടങ്ങിയത്.
************************
ഈ പോയ്മുഖത്തിനു കീഴിലെവിടെയോ 
ഞാൻ ഉറങ്ങിക്കിടപ്പുണ്ട്.
ശാന്തമായി. സ്വസ്ഥമായി.
ഇത് എന്റെ ശിശിര നിദ്രയാണ്.
ഇത് എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്രയുടെ മുന്നൊരുക്കമാണ്‌.
എന്റെ ഓർമകളെ എനിക്കുവേണ്ടി സൂക്ഷിക്കാനും,
എന്റെ കവിതയെ വരളാതെ നിലനിർത്താനും,
സൗഹൃദങ്ങൾ ഉള്ളിടത്തോളം കാലം,
പറയുവാൻ ഒന്ന് മാത്രം.
ഒരുനാൾ ഞാൻ വരും.
പച്ച മനുഷ്യനായി. 

No comments:

Post a Comment