Wednesday, 17 July 2013

സ്വപ്നാടനങ്ങൾ.

സ്വപ്നങ്ങളൊക്കെയും മേഘങ്ങളെപ്പോലെ ആയിരിക്കണം.
തെളിഞ്ഞ ആകാശത്ത്
ആനയായും കുതിരയായും,
പുണ്യാളൻ ആയും പൊന്നിൻ കുരിശായും,
മാലാഖയായും മണവാട്ടിയായും
അതങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കും.
കിനാവ്‌ കാണിക്കും.
ചിലപ്പോ പെയ്തു നിറയ്ക്കും,
മണ്ണും മനസും.
മറ്റു ചിലപ്പോൾ ചില വികൃതികൾ കാട്ടും.
ഒരു കാറ്റ് വന്നു വിളിച്ചാൽ,
വേറൊരു ആകാശം തേടിപ്പോകും,
കാത്തിരിക്കുന്നവർ പോലും അറിയാതെ.
ചിലപ്പോൾ വെളിച്ചത്തെ ഇരുട്ടാക്കും,
മറ്റു ചിലപ്പോൾ ഇരുളിനെ വെളിച്ചവും.

കള്ളങ്ങൾ കൊണ്ട് ഒരു മുഖം മൂടി ഞാൻ ഉണ്ടാക്കി.
സത്യം ശവക്കുഴിയിൽ,
 മറവുചെയ്യപ്പെട്ട മറ്റു സത്യങ്ങളോട് സല്ലപിക്കട്ടെ.
എനിക്ക് ഈ കള്ളങ്ങളുടെ മുഖംമൂടി തന്നെ മതി.
ശവക്കുഴിയിൽ സല്ലപിക്കുന്ന സത്യവും
സ്വപ്‌നങ്ങൾ കാണുന്നുണ്ടാവാം.
അവരുടെ സ്വപ്നങ്ങളും മേഘങ്ങളെപ്പോലെ ആയിരിക്കുമോ?
അവരും മേഘങ്ങളേ കാണുന്നുണ്ടാവുമോ?
കുഴിവെട്ടുകാരൻ ആവണം സഹായി.
ജയിലിൽ ആവാമെങ്കിൽ ശവക്കുഴിയിൽ ആയാൽ എന്താ കൈക്കൂലി!!
മണ്ണറകളിൽ ഞെരിഞ്ഞമരുന്ന സത്യങ്ങളും
സ്വപ്നങ്ങളുടെ വഞ്ചനയിൽ വീണുപോയി.

ഒരു നാൾ ഭൂമി പിളരും.
മറ നീക്കി സത്യം പുറത്തു വരും.
അന്ന് ഭൂമിയിൽ സ്വപ്നങ്ങളുടെ യുഗം അവസാനിക്കും.
സ്വപ്നങ്ങൾ മേഘത്തെരിൽ പുതിയ ലോകം തേടി പോകും.
അന്ന് ഞാനും പോകും,
മേഘങ്ങളുടെ പിന്നാലെ.
എനീക്കു സത്യങ്ങള അല്ല, സ്വപ്‌നങ്ങൾ ആണ് വേണ്ടത്.
മുഖംമൂടിയണിഞ്ഞ സ്വപ്‌നങ്ങൾ.
ലഹരി പിടിപ്പിക്കുന്ന സ്വപ്നങ്ങൾ.
സ്വപ്നാടനങ്ങൾ.


1 comment: