Wednesday 17 July 2013

വീണ്ടും........

വിലകെട്ടവയെന്നു കരുതി വലിച്ചെറിഞ്ഞ ഓർമത്തുണ്ടുകൾ 
തിരിഞ്ഞു കൊത്തുമ്പോൾ,
പ്രതികാരം ചെയ്തു തുടങ്ങുമ്പോൾ,
മറന്നു തുടങ്ങണം ശീലങ്ങളെ, വിഞാനത്തെ, സമ്പുഷ്ടിയെ,
വരിഞ്ഞു മുറുക്കുന്ന പരിചിത ഭാവങ്ങളെ.

പ്രണയിക്കണം ശീലക്കേടുകളെ, വിവരമില്ലയ്മയെ, പട്ടിണിയെ,
മണ്ണിനെ, മഴയെ, മരത്തിനെ.
വാങ്ങണം ഒരു കണ്ണടയും മുഖംമൂടിയും തോൾസഞ്ചിയും.
സഞ്ചരിക്കണം ആൾത്തിരക്കിൽ അനാഥനെപ്പോലെ.
ചിരിക്കണം ഭ്രാന്തു വന്നവനെപ്പോലെ.

എഴുതണം,
ചോരയായ ചോരയെല്ലാം മഷിക്കുപ്പിയിൽ നിറഞ്ഞപോലെ.
പാടണം, ഇനിയും താളമിട്ടിട്ടില്ലാത്ത 
ജീവിതപ്പുസ്തകത്തിന്റെ ചിതലരിച്ച ഏടുകൾ, സ്വപ്‌നങ്ങൾ.
ഉണ്ണണം, ഉറങ്ങണം, ഊര് ചുറ്റണം.

അന്ന്,
ആത്മാവ് വീണ്ടും സന്തോഷിക്കും.
നേട്ടങ്ങൾ ഉണ്ടാവും, ഓർത്തു വയ്ക്കുവാൻ.
വലിച്ചെറിയുവാനും ഉണ്ടാവും വീണ്ടും വിലകെട്ട ഓർമത്തുണ്ടുകൾ.
അവ പിന്നെയും തിരിഞ്ഞു കൊത്തും, ഒരിക്കൽ.
വീണ്ടും, ആവര്ത്തന വിരസമല്ലാത്ത, കറതീർന്ന,
ജീവിത ചക്രത്തിന്റെ കറക്കം.
വീണ്ടും, പ്രണയവും മറവിയും മറ്റും.   
ശുഭം.


          

No comments:

Post a Comment