Friday 19 July 2013

പേടി

'ഒനിഡ'യുടെ ചെകുത്താൻ, 
കുട്ടിക്കാലത്ത്, 
എന്റെ ഏറ്റവും വല്യ പേടിസ്വപ്നമായിരുന്നു.
ബന്ധുവീട്ടിലെ ഗോവണിമുറിയിൽ 
സ്വൈര്യമായി വിശ്രമിച്ച ചെകുത്താൻ 
പകൽവെളിച്ചത്തിൽ പോലും 
എന്റെ ചങ്കിടിപ്പ് കൂട്ടിയിരുന്നു.
ഒടുവിൽ, കണ്ണിൽക്കണ്ണിൽ നോക്കി നോക്കി 
ഞാൻ ചെകുത്താൻ പേടി മാറ്റി.

ചെകുത്താന്റെ കറുപ്പ് 
എന്റെ പേടി ഇരുളിനോടാക്കി.
പിന്നെ, ഒരു പേടിപ്പരമ്പര തന്നെയായിരുന്നു.
വെട്ടമില്ലാത്ത മുറിയിൽ സ്വിച്ച് തപ്പാൻ പേടി.
ഉറക്കമെങ്ങാനും പോയാൽ കണ്ണ് തുറക്കാൻ പേടി.
കട്ടിലിനടിയിൽ നോക്കാനും പേടി!
ഒടുവിൽ, രാത്രിയിൽ കണ്ണ്മിഴിച്ചു കുത്തിയിരുന്ന് 
ഞാൻ ഇരുൽപ്പേടി മാറ്റി.

ഒറ്റയ്ക്കിരുന്നിരുന്നു എന്റെ പേടി 
എന്നോട് തന്നെ ആയി.
കഴിഞ്ഞ കാലം ഓർത്തപ്പോൾ പേടി പിന്നെയും കൂടി.
ഇന്നലത്തെ വാഗ്ദാനങ്ങൾ, ഇന്നത്തെ തമാശകൾ.
ഇന്നത്തെ വാഗ്ദാനങ്ങളും നാളെ തമാശകളായാൽ!!!
ഒടുവിൽ, കണ്ണടച്ച് ഇരുട്ടാക്കി 
ഞാൻ ആ പേടിയും മാറ്റി.

ഇനി പറയാൻ ഒന്നേയുള്ളൂ.
കണ്ണടച്ച് ഇരുട്ടാക്കണം.
എന്നിട്ടാ ഇരുളാണ് വെളിച്ചമെന്ന് വിശ്വസിക്കണം.
അല്ലെങ്കിൽ, നിന്റെ നാശം നീയാൽ തന്നെ!

No comments:

Post a Comment