ഒരു വെളുപ്പാൻ കാലത്ത് ഉറക്കമുണരുമ്പോൾ
നിങ്ങള്ക്ക് ചിറകു മുളച്ചതായി കണ്ടാൽ
ആദ്യം പറക്കുക എങ്ങോട്ടാകും?
പറക്കാൻ സ്ഥലങ്ങളൊന്നും ഓർമയിലില്ലെങ്കിൽ ഓർക്കുക,
നിന്റെ സ്വപ്നങ്ങളുടെ ചിറകു കരിഞ്ഞിരിക്കുന്നു.
ഞാൻ ഈ നഗരം പിന്നിൽ ഉപേക്ഷിക്കും.
മരങ്ങളുള്ള, ധാരാളം കിളികളുള്ള,
എന്നും സ്വപ്നത്തിൽ കാണുന്ന അരുവിക്കരയിലേയ്ക്ക് പറക്കും.
പറന്നുയരുമ്പോൾ
എന്റെ ശരീരം തൂവലുകളാൽ നിറയുന്നത് ഞാനറിയും.
ഞാൻ ഒരു പക്ഷിയായി മാറും.
സ്വർണച്ചിറകുള്ള ഒരു പക്ഷി.
പറന്നു പറന്നു ഞാനെന്റെ അരുവിക്കരയിലെത്തും.
അവിടെ സ്വപ്നത്തിൽ കണ്ട അതേ മരങ്ങളും.
പക്ഷെ, ആ മരങ്ങളിൽ കിളികൽ ഉണ്ടായിരുന്നില്ല.
കിളികൾ ഒക്കെയും വറചട്ടികളിൽ എത്തിയിരുന്നു.
ശേഷിച്ചവ സ്വർണക്കൂടുകളിലും!
പാട്ട് മരിച്ച കാട് നഗരത്തെക്കാൽ വലിയ ശവപ്പറമ്പാണെന്ന് ഞാൻ കണ്ടു.
താളമില്ലാത്ത കാടും നാടും!!
അരുവിക്കരയിൽ ഒരു കുടിൽ.
അതിനു മുന്നിൽ ഒരു പട്ടിണിക്കോലം.
കണ്ണീരൊഴുക്കുന്ന അവന്റെ പെണ്ണും തളർന്നുറങ്ങുന്ന കിടാങ്ങളും.
ഇവർക്കൊന്നും വംശനാശം വന്നില്ലേ എന്ന് ഞാൻ ഓർത്തു.
ഇല്ല. താളം നഷ്ടപെട്ടിട്ടില്ല.
പക്ഷെ, അതിന്റെ അലയടികൾ ഭീകരങ്ങളാണെന്ന് മാത്രം.
എന്റെ ഉള്ളു കരഞ്ഞു.
ഞാൻ മെല്ലെ കുറുകി.
എന്റെ ശബ്ദം കേട്ട് ഞാൻ തന്നെ അതിശയിച്ചു.
ഇന്നോളം കേട്ട എല്ലാറ്റിനെയും കാൾ സുന്ദരം.
അവരും എന്റെ ശബ്ദം കേട്ടു.
ഞാൻ തലയുയർത്തി നോക്കി.
ക്ഷീണിച്ച കണ്ണുകളിൽ ഒരു പ്രതീക്ഷ ഉയര്ന്നു.
കരയുന്ന കണ്ണുകളിൽ സ്വപ്‌നങ്ങൾ വിടര്ന്നു.
ഞാൻ വീണ്ടും കരഞ്ഞു.
അതിമധുരമായ ഗാനമായി അത് ചക്രവാളത്തിൽ നിറഞ്ഞു.
അയാൾ എഴുനേറ്റു, ഉറച്ച കാലടികളോടെ,
കൈയ്യിൽ മൂർച്ച മങ്ങിയ ആയുധവുമായി.
അയാൾ നടന്നു, പതർച്ച കാണിക്കാതെ.
മനസ്സിൽ ഒരു പിടി സ്വപ്നങ്ങളുമായി.
നിലനില്പിന്റെ സ്വപ്‌നങ്ങൾ.
ഞാൻ പറക്കാൻ ശ്രമിച്ചില്ല.
കാത്തിരിക്കും, അയാളുടെ മൂർച്ച മങ്ങിയ അമ്പ് എല്ക്കുവാൻ.
കാണാൻ ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരിക്കാം.
പറന്നുചെല്ലാൻ ഇനിയുമൊരുപാട് ആകാശങ്ങളും അരുവിക്കരകളും മരങ്ങളും.
പക്ഷെ, കാത്തിരിക്കാം, എന്റെ ചിറകുകൾ
നിന്റെ സ്വപ്നങ്ങള്ക്ക് ജീവൻ നൽകുമെങ്കിൽ!!!!!
ഞാൻ വരും.
എനിക്ക് ചിറകു കിട്ടുമ്പോൾ പറന്നു ഞാൻ വരും.
നിന്റെ സ്വപ്നങ്ങളിലേയ്ക്ക്.....
No comments:
Post a Comment