കട്ടൻ കാപ്പിക്ക് എന്ത് കുന്തമാണ് പറയുവാൻ ഉള്ളത്
എന്ന് ചോദിക്കരുത്.
കട്ടൻ കാപ്പിക്കും പറയുവാനുണ്ട്,
തണുത്ത വെളുപ്പാൻ കാലങ്ങളുടെ,
ചേറിൽ വീണ വിയര്പ്പുതുള്ളികളുടെ, വിപ്ലവങ്ങളുടെ
നൂറു നൂറു കഥകൾ.
കാപ്പി എന്ന് കേട്ടിട്ടുടനെ
CCDയിലെ ബൂർഷ്വാ പാനീയത്തെ ഓർക്കരുത്.
അവൻ വള്ളിനിക്കർ ഇട്ടു നടന്ന കാലത്ത്
വിപ്ലവത്തിന് കൊടി പിടിച്ചവനാണ്
എന്റെ കഥാനായകൻ.
പരിപ്പുവടയുടെ സന്തത സഹചാരി.
ഒരു ദേശാഭിമാനി കൂടി ഉണ്ടെങ്കിൽ......
സബാഷ്.
അവൻ കമ്മ്യൂണിസ്റ്റ് ആയിരിക്കുമോ?
ആവാം.
എന്നും കൊട്ടാരങ്ങളേക്കാൾ കുടിലുകളെ സ്നേഹിച്ച,
വിപ്ലവചിന്തകരുടെ ചോര തുടുപ്പിച്ച,
അന്നന്നപ്പത്തിന്റെ വിയർപ്പുതുള്ളികൾ ഒപ്പിയ,
സഖാവ് കട്ടൻ കാപ്പി!!!
മഴ പെയ്തു നിറയുന്നത് കണ്ടു നിൽക്കുവാൻ
വേറെ എന്താണ് പറ്റിയ കൂട്ടാവുക?
എഴുത്തുപലകയുടെ ചാരേ,
കടലാസിൽ സ്വപ്നങ്ങൾ തീ പടർത്തുന്നതു കാണുവാൻ,
വേറെ ആരാണ് ഉറക്കമിളയ്ക്കുക?
വീണ്ടും മഴ പെയ്തുതുടങ്ങുന്നു.
സ്വപ്നങ്ങളും!
അടുപ്പിൽ വെള്ളം തിളച്ചു തുടങ്ങിയിട്ടുണ്ടാവണം.
ആ പഴയ മോഡൽ ചില്ലുഗ്ലാസൊരെണ്ണം
കിട്ടിയിരുന്നെങ്കിൽ!!!
No comments:
Post a Comment