Wednesday 17 July 2013

അതിര്

ആകാശത്തിന്റെ അതിര് എവിടെയാണ്?
 സ്വപ്‌നങ്ങൾ അവസാനിക്കുന്നിടത്ത്.
 കവിത മറന്നു പോവുന്നിടത്ത്.
 സൗഹൃദം മായുന്നിടത്ത്. 

കടലിന്റെ അതിര് എവിടെയാണ്?
 മുക്കുവക്കൂരയുടെ ലാളിത്യത്തിൽ.
 അവരുടെ നേരുകളിൽ.
 ലാളിത്യവും നേരുമുള്ളപ്പോൾ പിന്നെ തടസം തീര്ക്കാൻ കടൽ എന്തിനാണ്? 

സന്തോഷത്തിന്റെ അതിര് എവിടെയാണ്?
നന്മ പോയ്പ്പോകുന്നിടത്ത്‌.
മുഖംമൂടി അണിയുന്നിടത്ത്.
ആർക്കും അത് സംഭവിക്കാതിരിക്കട്ടെ!

വിശുദ്ധിയുടെ അതിര് എവിടെയാണ്?
 ബാല്യത്തിൽ നിന്നും കൗമാരത്തിലേയ്ക്കുള്ള വളർച്ചയിൽ.
 പിന്നെ, അതൊരു ആഭരണം മാത്രം.
 കബളിപ്പിക്കാനുള്ള ഒരാഭരണം.

മനസിന്റെ അതിര് എവിടെയാണ്??
 തെറ്റി!!
 ഇത്തവണ നിനക്ക് തെറ്റി!!
 മനസിന്‌ അതിരുണ്ടായിരുന്നെങ്കിൽ 
 എന്റെ ഉത്തരങ്ങൾ ഇങ്ങനെ ആവുമായിരുന്നില്ല.
 അവ വിശ്വവിജ്ഞാനകോശത്തെ അനുകരിച്ചേനെ!! 
 അതിരുണ്ടാവാതിരിക്കട്ടെ, മനസിന്‌.
 ലോകം കൈവെള്ളയിലേയ്ക്കു ചുരുങ്ങുമ്പോൾ,
 മനസ് കൂട് വിട്ടു പുറത്തു വരണം.
 വളരണം.
 അതിരുകൾ മായുക തന്നെ വേണം.

No comments:

Post a Comment