Monday, 5 August 2013

കണ്ണട

കണ്ണട വച്ച് പത്രം ചികയുന്ന വല്യമ്മച്ചിയെയും,
ഫ്രെയിം ലെസ്സ് കണ്ണട വച്ച ഗാംഗുലിയെയും കണ്ടു 
പണ്ടൊരു ആറാം ക്ലാസുകാരൻ
ഡോക്ടറോട് കള്ളം പറഞ്ഞ് ഒരു കണ്ണട ഒപ്പിച്ചു.
പിന്നെ, കാലം കടന്നു പോയ പോക്കിൽ,
കണ്ണട വച്ചും അല്ലാതെയും ഓരോരോ വേഷങ്ങൾ.
കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കിയും,
ഒറ്റവിരൽ കൊണ്ട് കണ്ണട സ്ഥാനത്തുറപ്പിച്ചും,
മുടിഞ്ഞ ചിന്തയിലാണെന്ന് തോന്നിക്കാൻ 
കണ്ണട തലയിലുയര്ത്തി വെച്ചും,
കാണിച്ച കോപ്രായങ്ങൽക്കു കണക്കുണ്ടായിട്ടില്ല.
കയ്യും!
ഇടയ്ക്കെപ്പഴോ കണ്ണ് പണി തന്നു.
കള്ളം പറഞ്ഞത് കൊണ്ടാവും.
പക്ഷെ, കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴും 
പണ്ട് പറഞ്ഞ കള്ളമോർത്ത് ചിരിച്ചതേയുള്ളു.
ഇന്നതൊരു പൊള്ളലാണ്.
'മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു 
കണ്ണടകൾ വേണം' എന്നൊക്കെ കവിവാക്യം.
പക്ഷെ, കണ്ണടയിലും കാഴ്ച മങ്ങിത്തുടങ്ങിയാൽ!
കണ്ണടച്ചില്ലിനു മുന്നിലും മൂടുപടം വീണാൽ!
അത് ഉണ്ടാവാതിരിക്കട്ടെ.
വീണ്ടും കുസൃതികൾ കാണിക്കുവാൻ,
അത് ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ.
ആമേൻ. 

No comments:

Post a Comment