Tuesday, 6 August 2013

മാലാഖമാരുടെ ചിത്രകാരൻ

"നശിച്ച മഴ!*"
കാൽചുവട്ടിൽ ചൂട് പറ്റിക്കിടന്ന പൂച്ച,
ടൈംപീസും തട്ടിമറിച്ച് തേങ്ങലായി മാറി.
മഞ്ഞപ്പെയിന്റടിച്ച ചുവരിൽ നിന്നും,
വാൻഗോഗ് എന്നെ രൂക്ഷമായി നോക്കി.
ഞാൻ ചായമുണങ്ങാത്ത എന്റെ ബ്രഷുകളെയും.
മാലാഖമാർ.
മാലാഖമാരുടെ ചിത്രം വരയ്ക്കുവാൻ ആണ് 
ഞാനീ നഗരത്തിലേയ്ക്ക് വന്നത്.
മഞ്ഞ ചിറകുകളുള്ള,
മഞ്ഞ ഉടുപ്പിട്ട മാലാഖമാർ.
മഷി ഉണങ്ങും മുൻപേ
എന്റെ മാലാഖമാർ 
എന്നെ നോക്കി കരയുവാൻ തുടങ്ങി.
അവയുടെ കരച്ചിൽ സഹിക്കാനാവാതെ 
ഇനിയൊരിക്കൽ കൂടി 
വാൻഗോഗ് ആത്മഹത്യക്ക് മുതിരുമോ എന്നോർത്ത് 
എന്റെ ഉള്ളു ഞടുങ്ങി.
നാല് രാത്രികളുടെ അദ്ധ്വാനം 
അങ്ങിനെ നാലാം നിലയിൽ നിന്നും 
തെരുവിന്റെ കാലടിപ്പടുകളിൽ മറഞ്ഞു.
പുതിയ ക്യാൻവാസിൽ 
ഞാൻ ചെകുത്താനെ വരച്ചു.
മഞ്ഞ ചിറകുള്ള 
മഞ്ഞ ഉടുപ്പിട്ട ചെകുത്താൻ.
ചെകുത്താനും ഒരിക്കൽ മാലഖയായിരുന്നല്ലോ.
അവനും കരഞ്ഞു.
നാലാം നില. തെരുവ്.
അവനും വിസ്മൃതിയിൽ മറഞ്ഞു.
ജനാലയിലൂടെ ഞാൻ മഴ കണ്ടു.
കണ്ണുകളിലൂടെ ഞാൻ മഴ കൊണ്ടു.
ആദ്യമായി, ഞാൻ തെരുവിലേയ്ക്ക് നോക്കി.
അവിടെയെങ്ങും മഞ്ഞനിറം ഞാൻ കണ്ടില്ല.
കണ്ടത് ജീവിതമായിരുന്നു.
നാലാം നില വിട്ടു ഞാൻ 
മണ്ണിലേയ്ക്കിറങ്ങി.
തിരികെ എത്തുമ്പോൾ 
എന്റെ ഒപ്പം ഒരു മാലാഖ ഉണ്ടായിരുന്നു.
കീറിയ ഉടുപ്പിട്ട,
ചിറകില്ലാത്ത,
മഴ കൊണ്ട് വാടിയ ഒരു മാലാഖ.
അവൾ പുഞ്ചിരിച്ചു.
ഞാൻ കരഞ്ഞു.
മഞ്ഞച്ചുവരിലെ ചിത്രകാരനും എന്റെ ഒപ്പം കരയുന്നുണ്ടായിരുന്നു.




*മഴദൈവങ്ങൽ പൊറുക്കണം. only for the sake of poetry. ;)


No comments:

Post a Comment