Thursday 22 August 2013

ഇരകളുണ്ടാവുന്നത്...

കലിതുള്ളി നിന്ന എതിരാളിയുടെ മുന്നിൽ
ഇരയുടെ ശിരസ്സ്‌ 
കുറ്റബോധത്താൽ താണു.
കൂപ്പുകൈകളോടെ,
നിറകണ്ണുകളോടെ,
അയാൾ കെഞ്ചി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
എതിരാളിയുടെ മനസ്സ് പൂർവ്വ കാലത്തിലേയ്ക്ക് പോയി.
അയാൾക്ക്‌ ദയവുണ്ടായി.
കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ച്,
ഉടുമുണ്ട് വീണ്ടും മുറുക്കിയുടുത്ത്,
ഇര നിരത്തിലേയ്ക്കിറങ്ങി.
നാലടി വെച്ച് ശിരസുയര്ത്തി.
ഇന്ന് രാവിലെയും തിരഞ്ഞ മുഖം,
അതാ,
എതിരെ വരുന്നു.
വീണ്ടും നാലടി.
രണ്ടു ബട്ടണുകൾ പൊട്ടിച്ച് 
ഇരയുടെ കൈ 
അവന്റെ കഴുത്തിലേയ്ക്കു ചെന്നു.
"ഒറ്റ വാക്ക്. എപ്പോ തരും???"
അടുത്ത ഇര!!!
അയാളും കരഞ്ഞു.
ആ ക്ലീഷേ ഡായലോഗ് വീണ്ടും മുഴങ്ങി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
ഇനി ദയവുണ്ടാവേണ്ടത് പഴയ ഇരയ്ക്കാണ്.
പഴയ ഇരയുടെ മനസും യാത്ര പോയി.
പൂർവ്വ കാലത്തിലേയ്ക്കല്ല,
അടുത്ത വളവിന്കലുള്ള തന്റെ വീട്ടിലേയ്ക്ക്.
ദയവു വാക്കായി പരിണമിക്കണം, ഇനി.
അതുണ്ടായില്ല.
പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ പക്ഷെ,
അയാള് ഓര്ത്തില്ല.
അയാളുടെ സാമൂഹിക അവബോധം ഉണര്ന്നു.
'ഇന്ന് ഞാൻ ദയ കാട്ടിയാൽ,
നാളെ ഇവൻ മറ്റൊരുത്തന്റെ 
കഴുത്ത് ഞെരിക്കും.
അവൻ അടുത്തവന്റെ.
ഇനി ആര്ക്കും എന്നെപ്പോലെ 
ക്രൂരനാവേണ്ടി വരരുത്.
ഇനിയും ഇരകളുണ്ടാവരുത്"
പിന്നെ, വാക്കായി പരിണമിച്ചത്‌ ദയ ആയിരുന്നില്ല.
ബീപ്. ബീപ്.
ബീീീീീീീപ്!!!

       *******

പതിനെട്ടു നില കെട്ടിടത്തിന്റെ ഉച്ചിയിലുള്ള 
ശീതികരിച്ച മുറിയിൾ 
താനെഴുതിയ കവിത നോക്കി കവി പുളകം കൊണ്ടു .
അവസാനം ഒത്തില്ലെങ്കിലും 
മൂന്നു 'ബീപ്' കൊള്ളിച്ചതിന്റെ സന്തോഷം
അയാളുടെ മുഖത്ത് നിറഞ്ഞു തുളുമ്പി.
ചായക്കോപ്പയുമായി, എന്നത്തെയും പോലെ,
അയാൽ താഴെ തിരക്കിട്ട് നീങ്ങുന്ന 
മനുഷ്യജന്മങ്ങളെ നോക്കി.
പത്തു രണ്ടായിരം കൊല്ലമായി 
ഈ കളി തുടങ്ങിയിട്ട്.
ഇപ്പളെങ്കിലും ഒന്ന് നന്നായിക്കൂടെ.
പണത്തിനു വേണ്ടിയുള്ള ഈ പരക്കം പാച്ചിൽ,
ഇത് എവിടെ ചെന്നാണ് നില്കുക.
അയാള് അറിയാതെ നെടുവീര്പ്പിട്ടു.
രണ്ടു തവണ!
കഴിഞ്ഞ ആഴ്ച അയാൾ എഴുതിയ,
'മനുഷ്യത്വം നഷ്ടപെടുന്ന മനുഷ്യർ' എന്ന ലേഖനം,
വാരികയുടെ പേജുകളിൽ നിന്ന് 
അയാൾക്ക്‌ കോറസ് പാടി.
"ഇത് എവിടെ ചെന്നാണ് നില്ക്കുക!!!"

   ********

കവിത മുഴുമിപ്പിച്ച ആശ്വാസത്തിൽ,
അയാൾ ഉലാത്തുവാൻ ഇറങ്ങി.
നാലടി.
ഇന്ന് രാവിലെയും താൻ തിരഞ്ഞ മുഖം,
അതാ എതിരെ വരുന്നു.
വീണ്ടും നാലടി.
ബീപ്. ബീപ്.
ബീീീീീീീപ്!!!


No comments:

Post a Comment