Saturday, 24 August 2013

ഭ്രാന്ത്

ഒറ്റച്ചെവിയന്റെ കിറുക്കിനെ 
പ്രണയിച്ചവർ നമ്മൾ.
ആർട്ട് ഗ്യാലറിയിലെ ചുവരിൽ 
സൂര്യകാന്തിപ്പൂക്കളെക്കണ്ട് 
മതിമറന്നവർ നമ്മൾ.
അസ്തമയസൂര്യന്റെ കുസൃതികളിൽ,
ചെമപ്പിനേക്കാൾ മഞ്ഞയെ 
സ്നേഹിച്ചവർ നമ്മൾ.
ഇന്ന് ഈ ക്യാൻവാസിൽ 
നിന്റെ ചിത്രമെഴുതി തീർക്കുമ്പോൾ,
നിന്റെ കണ്ണുകളിൽ 
അനുരാഗത്തിന്റെ ഭ്രാന്ത് 
തീപടർത്തുന്നത് കാണുമ്പോൾ,
ഒരു ചോദ്യം,
ഒരേയൊരു ചോദ്യം.
പകുത്തു തന്നുകൂടെ നിന്റെ ഇടം ചെവി,
നിന്റെ പ്രണയത്തിന്റെ,
നമ്മുടെ വിഭ്രാന്തികളുടെ,
സ്മരണയ്ക്കായി.

Friday, 23 August 2013

ദേശീയ പതാക

ചുവപ്പ്. പച്ച. വെള്ള.
തോരണങ്ങൾ നിറം മാറി മാറി അണിഞ്ഞു നിന്നു.
പക്ഷെ, പുകയുടെ നിറം കറുപ്പ് തന്നെ ആയിരുന്നു.
എന്റെ ജനാലചില്ലിൽ അത് മങ്ങൾ വീഴ്ത്തിയിരുന്നു.
നന്ന്.
എനിക്കൊരു മറ ആവശ്യമായിരുന്നു.

വെസ്പ സ്കൂട്ടറിന്റെ മുന്നിൽ 
കുളിച്ചൊരുങ്ങി സുന്ദരിയായി നിന്ന 
ഏഴു വയസുകാരിയുടെ കയ്യിൽ നിന്നും
ഒരു പ്ലാസ്റ്റിക് പതാക താഴെ വീണു.
അത് ആര് കൈക്കലാക്കും എന്നറിയാൻ 
ഞാനെന്റെ മറയ്ക്കു പിന്നിൽ 
അക്ഷമനായി നിന്നു.
പക്ഷെ, ആരും വന്നില്ല.
ഗാന്ധി പണ്ടേ പ്രതിമയും കടലാസും ആക്കപ്പെട്ടിരുന്നു.
ഭാരതാംബ കുത്തക മുതലാളിമാരാൽ 
ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.
വഴിനടന്നവരാകട്ടെ,
'ഫ്രീഡം ഓഫർ' കൈക്കലാക്കാൻ 
തിരക്ക് കൂട്ടുന്നവരായിരുന്നു.
ദേശസ്നേഹമില്ലാത്ത പരിഷകൾ!!!

"എങ്കിൽ പിന്നെ തനിക്കു എടുത്തുകൂടേ?"
എന്ന് ചോദിക്കരുത്, സുഹൃത്തേ.
ആ ഐറ്റത്തിനു ഞാൻ കാശു മുടക്കിയിട്ടില്ലല്ലോ!!!

Thursday, 22 August 2013

ഇരകളുണ്ടാവുന്നത്...

കലിതുള്ളി നിന്ന എതിരാളിയുടെ മുന്നിൽ
ഇരയുടെ ശിരസ്സ്‌ 
കുറ്റബോധത്താൽ താണു.
കൂപ്പുകൈകളോടെ,
നിറകണ്ണുകളോടെ,
അയാൾ കെഞ്ചി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
എതിരാളിയുടെ മനസ്സ് പൂർവ്വ കാലത്തിലേയ്ക്ക് പോയി.
അയാൾക്ക്‌ ദയവുണ്ടായി.
കരഞ്ഞു കലങ്ങിയ കണ്ണ് തുടച്ച്,
ഉടുമുണ്ട് വീണ്ടും മുറുക്കിയുടുത്ത്,
ഇര നിരത്തിലേയ്ക്കിറങ്ങി.
നാലടി വെച്ച് ശിരസുയര്ത്തി.
ഇന്ന് രാവിലെയും തിരഞ്ഞ മുഖം,
അതാ,
എതിരെ വരുന്നു.
വീണ്ടും നാലടി.
രണ്ടു ബട്ടണുകൾ പൊട്ടിച്ച് 
ഇരയുടെ കൈ 
അവന്റെ കഴുത്തിലേയ്ക്കു ചെന്നു.
"ഒറ്റ വാക്ക്. എപ്പോ തരും???"
അടുത്ത ഇര!!!
അയാളും കരഞ്ഞു.
ആ ക്ലീഷേ ഡായലോഗ് വീണ്ടും മുഴങ്ങി.
"ദയവുണ്ടാവണം.
വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു ദിവസം രണ്ട്.
എല്ലും തോലുമായ ഭാര്യ.
വിശന്നു കരയുന്ന കുഞ്ഞുങ്ങൾ.
ഒരു അവധി കൂടി....."
ഇനി ദയവുണ്ടാവേണ്ടത് പഴയ ഇരയ്ക്കാണ്.
പഴയ ഇരയുടെ മനസും യാത്ര പോയി.
പൂർവ്വ കാലത്തിലേയ്ക്കല്ല,
അടുത്ത വളവിന്കലുള്ള തന്റെ വീട്ടിലേയ്ക്ക്.
ദയവു വാക്കായി പരിണമിക്കണം, ഇനി.
അതുണ്ടായില്ല.
പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ പക്ഷെ,
അയാള് ഓര്ത്തില്ല.
അയാളുടെ സാമൂഹിക അവബോധം ഉണര്ന്നു.
'ഇന്ന് ഞാൻ ദയ കാട്ടിയാൽ,
നാളെ ഇവൻ മറ്റൊരുത്തന്റെ 
കഴുത്ത് ഞെരിക്കും.
അവൻ അടുത്തവന്റെ.
ഇനി ആര്ക്കും എന്നെപ്പോലെ 
ക്രൂരനാവേണ്ടി വരരുത്.
ഇനിയും ഇരകളുണ്ടാവരുത്"
പിന്നെ, വാക്കായി പരിണമിച്ചത്‌ ദയ ആയിരുന്നില്ല.
ബീപ്. ബീപ്.
ബീീീീീീീപ്!!!

       *******

പതിനെട്ടു നില കെട്ടിടത്തിന്റെ ഉച്ചിയിലുള്ള 
ശീതികരിച്ച മുറിയിൾ 
താനെഴുതിയ കവിത നോക്കി കവി പുളകം കൊണ്ടു .
അവസാനം ഒത്തില്ലെങ്കിലും 
മൂന്നു 'ബീപ്' കൊള്ളിച്ചതിന്റെ സന്തോഷം
അയാളുടെ മുഖത്ത് നിറഞ്ഞു തുളുമ്പി.
ചായക്കോപ്പയുമായി, എന്നത്തെയും പോലെ,
അയാൽ താഴെ തിരക്കിട്ട് നീങ്ങുന്ന 
മനുഷ്യജന്മങ്ങളെ നോക്കി.
പത്തു രണ്ടായിരം കൊല്ലമായി 
ഈ കളി തുടങ്ങിയിട്ട്.
ഇപ്പളെങ്കിലും ഒന്ന് നന്നായിക്കൂടെ.
പണത്തിനു വേണ്ടിയുള്ള ഈ പരക്കം പാച്ചിൽ,
ഇത് എവിടെ ചെന്നാണ് നില്കുക.
അയാള് അറിയാതെ നെടുവീര്പ്പിട്ടു.
രണ്ടു തവണ!
കഴിഞ്ഞ ആഴ്ച അയാൾ എഴുതിയ,
'മനുഷ്യത്വം നഷ്ടപെടുന്ന മനുഷ്യർ' എന്ന ലേഖനം,
വാരികയുടെ പേജുകളിൽ നിന്ന് 
അയാൾക്ക്‌ കോറസ് പാടി.
"ഇത് എവിടെ ചെന്നാണ് നില്ക്കുക!!!"

   ********

കവിത മുഴുമിപ്പിച്ച ആശ്വാസത്തിൽ,
അയാൾ ഉലാത്തുവാൻ ഇറങ്ങി.
നാലടി.
ഇന്ന് രാവിലെയും താൻ തിരഞ്ഞ മുഖം,
അതാ എതിരെ വരുന്നു.
വീണ്ടും നാലടി.
ബീപ്. ബീപ്.
ബീീീീീീീപ്!!!


Tuesday, 6 August 2013

മാലാഖമാരുടെ ചിത്രകാരൻ

"നശിച്ച മഴ!*"
കാൽചുവട്ടിൽ ചൂട് പറ്റിക്കിടന്ന പൂച്ച,
ടൈംപീസും തട്ടിമറിച്ച് തേങ്ങലായി മാറി.
മഞ്ഞപ്പെയിന്റടിച്ച ചുവരിൽ നിന്നും,
വാൻഗോഗ് എന്നെ രൂക്ഷമായി നോക്കി.
ഞാൻ ചായമുണങ്ങാത്ത എന്റെ ബ്രഷുകളെയും.
മാലാഖമാർ.
മാലാഖമാരുടെ ചിത്രം വരയ്ക്കുവാൻ ആണ് 
ഞാനീ നഗരത്തിലേയ്ക്ക് വന്നത്.
മഞ്ഞ ചിറകുകളുള്ള,
മഞ്ഞ ഉടുപ്പിട്ട മാലാഖമാർ.
മഷി ഉണങ്ങും മുൻപേ
എന്റെ മാലാഖമാർ 
എന്നെ നോക്കി കരയുവാൻ തുടങ്ങി.
അവയുടെ കരച്ചിൽ സഹിക്കാനാവാതെ 
ഇനിയൊരിക്കൽ കൂടി 
വാൻഗോഗ് ആത്മഹത്യക്ക് മുതിരുമോ എന്നോർത്ത് 
എന്റെ ഉള്ളു ഞടുങ്ങി.
നാല് രാത്രികളുടെ അദ്ധ്വാനം 
അങ്ങിനെ നാലാം നിലയിൽ നിന്നും 
തെരുവിന്റെ കാലടിപ്പടുകളിൽ മറഞ്ഞു.
പുതിയ ക്യാൻവാസിൽ 
ഞാൻ ചെകുത്താനെ വരച്ചു.
മഞ്ഞ ചിറകുള്ള 
മഞ്ഞ ഉടുപ്പിട്ട ചെകുത്താൻ.
ചെകുത്താനും ഒരിക്കൽ മാലഖയായിരുന്നല്ലോ.
അവനും കരഞ്ഞു.
നാലാം നില. തെരുവ്.
അവനും വിസ്മൃതിയിൽ മറഞ്ഞു.
ജനാലയിലൂടെ ഞാൻ മഴ കണ്ടു.
കണ്ണുകളിലൂടെ ഞാൻ മഴ കൊണ്ടു.
ആദ്യമായി, ഞാൻ തെരുവിലേയ്ക്ക് നോക്കി.
അവിടെയെങ്ങും മഞ്ഞനിറം ഞാൻ കണ്ടില്ല.
കണ്ടത് ജീവിതമായിരുന്നു.
നാലാം നില വിട്ടു ഞാൻ 
മണ്ണിലേയ്ക്കിറങ്ങി.
തിരികെ എത്തുമ്പോൾ 
എന്റെ ഒപ്പം ഒരു മാലാഖ ഉണ്ടായിരുന്നു.
കീറിയ ഉടുപ്പിട്ട,
ചിറകില്ലാത്ത,
മഴ കൊണ്ട് വാടിയ ഒരു മാലാഖ.
അവൾ പുഞ്ചിരിച്ചു.
ഞാൻ കരഞ്ഞു.
മഞ്ഞച്ചുവരിലെ ചിത്രകാരനും എന്റെ ഒപ്പം കരയുന്നുണ്ടായിരുന്നു.




*മഴദൈവങ്ങൽ പൊറുക്കണം. only for the sake of poetry. ;)


Monday, 5 August 2013

കണ്ണട

കണ്ണട വച്ച് പത്രം ചികയുന്ന വല്യമ്മച്ചിയെയും,
ഫ്രെയിം ലെസ്സ് കണ്ണട വച്ച ഗാംഗുലിയെയും കണ്ടു 
പണ്ടൊരു ആറാം ക്ലാസുകാരൻ
ഡോക്ടറോട് കള്ളം പറഞ്ഞ് ഒരു കണ്ണട ഒപ്പിച്ചു.
പിന്നെ, കാലം കടന്നു പോയ പോക്കിൽ,
കണ്ണട വച്ചും അല്ലാതെയും ഓരോരോ വേഷങ്ങൾ.
കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കിയും,
ഒറ്റവിരൽ കൊണ്ട് കണ്ണട സ്ഥാനത്തുറപ്പിച്ചും,
മുടിഞ്ഞ ചിന്തയിലാണെന്ന് തോന്നിക്കാൻ 
കണ്ണട തലയിലുയര്ത്തി വെച്ചും,
കാണിച്ച കോപ്രായങ്ങൽക്കു കണക്കുണ്ടായിട്ടില്ല.
കയ്യും!
ഇടയ്ക്കെപ്പഴോ കണ്ണ് പണി തന്നു.
കള്ളം പറഞ്ഞത് കൊണ്ടാവും.
പക്ഷെ, കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴും 
പണ്ട് പറഞ്ഞ കള്ളമോർത്ത് ചിരിച്ചതേയുള്ളു.
ഇന്നതൊരു പൊള്ളലാണ്.
'മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു 
കണ്ണടകൾ വേണം' എന്നൊക്കെ കവിവാക്യം.
പക്ഷെ, കണ്ണടയിലും കാഴ്ച മങ്ങിത്തുടങ്ങിയാൽ!
കണ്ണടച്ചില്ലിനു മുന്നിലും മൂടുപടം വീണാൽ!
അത് ഉണ്ടാവാതിരിക്കട്ടെ.
വീണ്ടും കുസൃതികൾ കാണിക്കുവാൻ,
അത് ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ.
ആമേൻ.