Wednesday, 21 December 2011

കുപ്പി വെള്ളത്തിന്റെ കുമ്പസാരങ്ങള്‍


ശീതീകരിച്ച കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍
നിരയായി വിശ്രമിപ്പതിനു മുന്‍പ്
എനിക്കൊരു ബാല്യമുണ്ടായിരുന്നു,
ഒരു ജനതയെ താലോടിയുണര്‍ത്തിയ യൌവനമുണ്ടായിരുന്നു.
പച്ചക്കാടിന്റെ ഊഷ്മളതയില്‍ നി-
ന്നുയിര്‍കൊണ്ട നാള്‍ മുതലിന്നോളം 
അനേകരുടെ ദാഹമകറ്റിയും കണ്ണീര്‍ അടക്കിയും 
ഞാന്‍ സംതൃപ്തി തേടുകയായിരുന്നു.
ഒഴുക്കിന് തടയിടുന്ന അണക്കെട്ടുകളിലും,
വൈദ്യുതി ജന്മമെടുക്കുന്ന പല്‍ച്ചക്രങ്ങളിലും,
ജീവിതം തുള്ളിക്കളിച്ചപ്പോള്‍ 
ഞാനറിയാതെ ഒരു ദുര എന്നില്‍ രൂപം കൊണ്ടു.
ഉരുളന്‍ കല്ലുകളില്‍ ചിന്നിച്ചിതറി മുറിവേറ്റൊരെന്‍ ശരീരം, 
മിനുസപ്പെടുത്തിയ കോണ്ക്രീറ്റ് പാതയില്‍
അഭിമാനപുളകിതമായി.
എന്നെക്കാത്ത് ക്യു നിന്ന പട്ടണവാസിയുടെ കണ്ണില്‍
ഞാനെന്റെ മതിപ്പ് കണ്ടു സന്തോഷിച്ചു.
സുന്ദര നഗരത്തിന്റെ കരസ്പര്‍ശമേറ്റ് 
പുളകിതയായ ഞാനെന്റെ പൂര്‍വ ജന്മങ്ങളെ വിസ്മരിച്ചു.
തെറ്റ്! തെറ്റ്! എന്നത്മാവ് മന്ത്രിച്ചു.
വൈകിപ്പോയി ഞാന്‍, എത്തിയെന്‍ ദുരയുടെ 
പാപപ്പരിഹാര തീര്‍ത്ഥത്തില്‍.
കരപുരണ്ടെന്റെ പളുങ്കുമേനി കറുപ്പാര്‍ന്നു.
മെഴുക്കു പുരണ്ടെന്റെ വാസന കൈവിട്ടു.
ഒരഴുക്ക് ചാലില്‍ ജന്മം ഒടുങ്ങുമെന്നു കരുതിയ എന്നെ 
രക്ഷിച്ചിവിടെ എത്തിച്ച മഹാമനസ്കരേ, നന്ദി!
ഇന്നെന്നെ നോക്കിടും കണ്ണുകളില്‍ കാണുന്നു ഞാന്‍,
ഒരായിരം ജന്മസംതൃപ്തി.
വീണ്ടും അഭിമാനമുണരുകയായി, പക്ഷെ
കലുഷിതമായോരെന്‍ ആത്മാവിലും,
കപടമാമെന്‍ ശരീരകാന്തിയിലും,
ഒളിഞ്ഞു നില്‍ക്കുന്ന പാപഭാരങ്ങള്‍,
എത്ര തുടിപ്പുകള്‍ വറ്റിക്കും?
എത്ര ഇലയനക്കങ്ങളെ ഹനിക്കും?
ഒരു മഹാ വിപത്തെന്റെ ഗര്‍ഭപാത്രത്തില്‍ 
പേറിയെത്തുന്നു ഞാന്‍!
കോളറയോ, കോഴിപ്പനിയോ, അതോ 
പുതിയ പേരിടാത്ത, 'മരുന്നു വിലപനക്കാരന്റെ കഞ്ഞിയോ?'.
പുറംമോടി നോക്കുന്ന പുതിയ മനസുകളേ,
നിന്റെ അന്ത്യത്തിനായി എത്തുന്നു ഞാന്‍,
നിന്നോടൊപ്പം എരിയുന്ന ചാവേറാവാന്‍,
ഇത് എന്റെ പാപബോധം കറ വീഴ്ത്തിയ 
ആത്മഹത്യാക്കുറിപ്പും!

Tuesday, 20 December 2011

ട്രാഫിക്‌ പോലീസുകാരന്‍


"നിങ്ങളുടെ വിഷപ്പുക ശ്വസിച്ചെന്റെ
ശ്വാസകോശം കിഴിഞ്ഞു.
ചെവിതുലയ്ക്കും ഹോണടികള്‍ എന്‍
കേള്‍വിയെ ഹനിച്ചു.
സൂര്യ താപമേറ്റെറ്റെന്റെ
മുടിയിഴകള്‍ കൊഴിഞ്ഞു.
നിങ്ങളുടെ പാത സുഗമമാക്കിയെന്റെ
കൈകാലുകള്‍ തളര്‍ന്നു."
അവിചാരിതമായി കിട്ടിയ ഇടവേളയില്‍
ട്രാഫിക്‌ പോലീസുകാരന്‍ ചിന്തിച്ചു.
ഇരുപതാണ്ടു നീണ്ട ജോലിഭാരത്തെ
ഇനിയും താന്‍ ചുമന്നീടുന്നതെന്തിനോ?
എത്ര കോടി വാഹനങ്ങള്‍ തന്നെ കടന്നു പോയിട്ടുണ്ടാവാം.
എത്ര കോടി മനുഷ്യര്‍ താനെ പ്രാകിയിട്ടുമുണ്ടാകാം.
ഏതോ ക്രിക്കറ്റുകാരന് ടെന്നീസ് എല്‍ബോ വന്നപ്പോള്‍
പ്രാര്‍ത്ഥിക്കാന്‍ ജനകോടികള്‍.
അവര്‍ക്കായി കൈകാലുകള്‍ ചലിപ്പിക്കും തനിക്കു
തേയ്മാനം വന്നാല്‍ ആര്‍ക്കെന്തു ചേതം?
ബച്ചന്റെ മരുമകള്‍ പെറുന്നതും കാത്ത്
നെടുവീര്‍പ്പിടുന്ന ലോകം.
തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളഞ്ഞപ്പോഴും
പൊരി വെയിലത്ത് ഡ്യൂട്ടി ചെയ്തതോര്‍ത്തയാള്‍.
പോം! പോം! ഒരു വേണാടിന്റെ സീല്‍ക്കാരം
അയാളുടെ ചിന്തയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടു.
മുന്‍കാല വൈരാഗ്യം  തീര്‍ക്കാന്‍ കുതികൊള്ളുംപോലെ
നിരന്നിടും യന്ത്ര ഭീമന്മാരെ നോക്കി,
സ്ഥാനം തെറ്റിയ തൊപ്പി നേരെയാക്കി,
അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നകന്നു.
അപ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ പോസ്റ്റില്‍
ചുവപ്പ് ലൈറ്റ് കത്തി നില്പുണ്ടായിരുന്നു. 

Wednesday, 23 November 2011

സൂര്യകാന്തിപ്പൂക്കളുടെ ചിത്രകാരന്...










സൂര്യ ശോഭയില്‍ മുങ്ങിയ
നിന്റെ ശരത്കാലോദ്യാനത്തില്‍,
തിളങ്ങുന്ന സൈപ്രസ് മരങ്ങള്‍ക്കിടയില്‍,
ഓറഞ്ച് ചാലിച്ച ചെസ്റ്റ്നട്ടിന്‍ തുരുത്തുകളില്‍,
രക്ത വര്‍ണാങ്കിതമായ ചോലക്കാടുകളില്‍,
നിനെ ഞാന്‍ തിരഞ്ഞു വന്നു.
യാത്രയില്‍ എങ്ങോ കണ്ട ഖനിയിലെ
കരിപുരണ്ട ജീവിതങ്ങള്‍,
ജീവിക്കുന്ന ക്രിസ്തുവെന്നു അലറിവിളിച്ചപ്പോള്‍
നിന്നെ ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
എര്സ്യുലയെ നീ ഇഷ്ടപ്പെട്ടു.
കേയെ നീ പ്രണയിച്ചു.
ക്രിസ്റ്റിന്‍ നിനക്ക് സ്വാന്തനമായി.
റാഷെല്‍ നിന്റെ സ്വന്തം മാടപ്പ്രാവും!


വാന്‍ഗോഗ്, പ്രിയ ചിത്രകാരാ,                                                                      
നീ ചിത്രമെഴുതിയത്
കണ്ണീരുകൊണ്ടോ, കിനാവുകൊണ്ടോ?
ആകാശം ചായം ചാലിച്ച വയല്പ്പരപ്പില്‍
നിന്നെ തേടിയെത്തിയ ഞാന്‍ കണ്ടത്
ചെമ്മന്ണില്‍ കുതിര്‍ന്ന ചുടുചോരത്തുള്ളികള്‍ മാത്രം.
അവ നിന്റെ ചിത്രങ്ങളേക്കാള്‍ തുടുത്തിരുന്നു.
ഇനിയും വരച്ചിടാതെ
അനേകം ഓര്‍മ്മകള്‍ ബാക്കിവച്ച്,
ഒരു തോക്കിന്‍മുനയാല്‍
നീ സ്വയം ചിത്രമായതെന്തേ?
ഇന്നീ പൂക്കൂട,
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞൊരീ കൂട,
കാണുമ്പോള്‍,
ഓര്‍ക്കുന്നു നിന്നെ ഞാന്‍,
വാന്‍ഗോഗ്! പ്രിയ ചിത്രകാരാ,
വേദനയില്‍ ആത്മാവിനെ കണ്ടെത്തിയവനേ,
ഇനിയൊരിക്കലും,
ഈ പൂക്കള്‍ വാടാതിരുന്നെങ്കില്‍???


Friday, 21 October 2011

സ്നേഹം

ആദ്യം സ്നേഹം അമ്മയായിരുന്നു.
    അമ്മയുടെ വാത്സല്യമായിരുന്നു. 
    മധുരമൂരും മുലപ്പാലായിരുന്നു.
ബാല്യത്തില്‍ സ്നേഹം സൗഹൃദമായിരുന്നു.
    രണ്ടായിപ്പകുത്ത മിടായി ആയിരുന്നു. 
    കൊതിയൂറും മാമ്പഴക്കാലമായിരുന്നു.
പിന്നെ സ്നേഹം പ്രണയമായിരുന്നു.
    ഒരു കുടക്കീഴിലെ മഴനടത്തമായിരുന്നു.
    ഒന്നിച്ചു കണ്ട സ്വപ്നങ്ങളായിരുന്നു.
വിരഹത്തില്‍ സ്നേഹം കവിതയായിരുന്നു.
    സിരകളില്‍ പടരും ലഹരിയായിരുന്നു.
    ബോധക്കേടിന്റെ സായഹ്നങ്ങളായിരുന്നു.
നഗരത്തില്‍ സ്നേഹം നാട്യമായിരുന്നു.
    ചമയം പൊതിഞ്ഞ മുഖംമൂടികളായിരുന്നു.
    അധികാരച്ചക്രത്ത്തിന്റെ സൂത്രവാക്യമായിരുന്നു.
ഒടുവില്‍ സ്നേഹം ഏകാന്തതയായിരുന്നു.
    കനലായെരിയുന്ന ആത്മനൊമ്പരങ്ങളായിരുന്നു.
    ജീവിതം ദുരിതവും മരണം സ്വപ്നവുമായിരുന്നു.
    ആ ഏകാന്ത സ്വപ്നം കൊണ്ട് 
    ആറടി മണ്ണ് വിലയ്ക്കുവാങ്ങി 
    കാത്തിരിക്കയായിരുന്നു.
    സ്നേഹമേ, മരണമേ, നീ വൈകുവതെന്തേ?

Saturday, 15 October 2011

മിസ്സ്ഡ് കോള്‍

മുത്തശ്ശി ചൊല്ലി,
"മോളേ, മണി മുഴങ്ങുന്നു.
അഞ്ചലോട്ടക്കാരന്‍ വരുന്നു.
അച്ഛനെ വിളിക്ക്. ചേട്ടനെ വിളിക്ക്."
മുത്തശ്ശി മണ്ടിയെന്നോതികൊണ്ട്
എല്‍. കെ. ജി. ക്കാരി മൊബൈലുമായ് വന്നു. 
"അഞ്ചലോട്ടക്കാരനുമല്ല, പോസ്റ്റുമാനുമല്ല ,
പപ്പയുടെ പുതിയ റിംഗ് ടോണ്‍ അല്ലോ ഇത് മുത്തശ്ശി"
"റിംഗ് ടോണോ? അതെന്തു കുന്തം!
കടിച്ചാല്‍ പൊട്ടുമെങ്കില്‍ ഒന്നെനിക്കും തരൂ കുട്ടീ"
മുത്തശ്ശി മണ്ടിയെന്നോതവേ,
വന്നൂ മമ്മയുടെ മെസ്സേജ്
"ഞാന്‍ വരാന്‍ വൈകും. കാപ്പി അടുക്കളയിലുണ്ട്.
പപ്പയോടും പറഞ്ഞേക്കു".
ഫോണില്‍  നിന്നും കണ്ണ് പറിക്കാതെ
കുട്ടി അടുക്കളയിലേക്കു പോയി....

മൊബൈല്‍ ഫോണിന്റെ സ്വകാര്യതയില്‍ 
ഹൃദയം പങ്കുവെച്ച കാമുകന്‍
കാമുകിയോട് ചൊല്ലി;
"പ്രിയേ, നിന്റെ മധുമയ നാദം 
എന്റെ മനസിന്റെ റിംഗ് ടോണ്‍.
നിന്റെ സുന്ദര രൂപം എന്‍ ഹൃദയത്തിന്‍ സ്ക്രീന്‍ സേവര്‍.
നീയിന്നലെ തന്ന മിസ്സ്ഡ് കോളുകളില്‍ ഒന്ന്
ഇപ്പോഴുമെന്റെ ഇന്‍ ബോക്സില്‍ മായാതെ കിടക്കുന്നു."
അവള്‍ ചൊല്ലി;
"നീയാണെന്റെ ലൈഫ് ടൈം കണക്ഷന്‍.
എപ്പോഴും ഫുള്‍ റേഞ്ച്.
നീയില്ലാത്ത ജീവിതം 
സിം ഇല്ലാത്ത സെറ്റ് പോലെ".
പെട്ടെന്ന് അവന്റെ മറ്റൊരു ഫോണ്‍ ശബ്ദിച്ചു.
അപ്പുറത്തൊരു കുയില്‍ നാദം.
അവന്‍ പറഞ്ഞു;
"എന്റെ പ്രിയേ, ഒരു നിമിഷം.
ഒരേയൊരു നിമിഷം.
ഞാനിപ്പോള്‍ വരാം".
അവന്‍ പറന്നകന്നു, മറ്റൊരു സ്വപ്ന ലോകത്തിലേക്ക്‌.
അവളപ്പോഴും അവന്റെ വിളിക്കായി കാത്തിരുന്നു........

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ 
അക്കങ്ങളും  അക്ഷരക്കൂട്ടങ്ങളും 
ശിരസില്‍ വലിയൊരു ഭാരം തീര്‍ത്തപ്പോള്‍ 
രവി ഫോണ്‍ എടുത്ത് വെറുതെ ഡയല്‍ ചെയ്തു.
മിസ്സ്ഡ് കോളുകള്‍!!!
എണ്ണുവാന്‍ പറ്റുമോ??? ഒരിക്കലുമില്ല!
മറുപടി പറന്നെത്തി.
ഓഫീസിനു മുന്നില്‍ പോലീസ് ജീപ്പിന്റെ ഹോണടി ശബ്ദം.
"എസ്. ഐ.യുടെ ഭാര്യക്ക് മിസ്സ്ഡ് കോള്‍ പെരുമഴ.
എവിടെ ആ കള്ള തിരുമാലി?".
പിന്നെ രവിക്ക് സ്വന്തം
വിലങ്ങും കോടതിയും കംബിയഴികളും.
ശുഭം!

കണ്ണുള്ളവരേ കാണുവിന്‍.
ചെവിയുള്ളവരെ കേള്കുവിന്‍.
ഉത്തരാധുനിക ലോകം.
വിപ്ലവാത്മക വികസനം.
ഇവിടെ പുതുയുഗം പിറക്കുന്നു.
ഇവിടെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു.
ആരാണിവിടെ അധികാരി?
മനുഷ്യനോ? മയക്കും മൊബൈലോ?
ഫോണ്‍ എടുക്കു.... വിളിക്കു....
നിങ്ങള്‍ക്കായി പാട്ടിന്റെ പെരുമഴ.
നാട്ടിലെങ്ങും പാട്ടായി.
സൗജന്യം!
തികച്ചും സൗജന്യം!
റിംഗ് ടോണ്‍ കേട്ട് ഉറങ്ങീടുന്ന ബാല്യങ്ങള്‍.
മിസ്സ്ഡ് കോളും മെസ്സേജുമായി
ഹൃദയം പങ്കിടുന്ന യൗവനം.
ഓഫീസിലും ബൈക്കിലും 
വഴിയിലും കുളിമുറിയിലും
ഫോണ്‍ ചെവിയോടു ചേര്‍ക്കുന്ന 
ഉദ്യോഗസ്തര്‍.
പേര് മാറ്റി, വയസു മാറ്റി, ആളെ മാറ്റി,
മൊബൈല്‍ ഫോണിലൂടെ ചെറുപ്പമാവുന്ന
മുതുമുത്തശ്ശന്മാര്‍.
മൊബൈല്‍ ഫോണ്‍!!!
ഇത് ആധുനിക ലോകത്തിന്റെ സന്തതി.
ദൂരം കുറയ്ക്കുന്നു, മനസുകളെ ചേര്‍ക്കുന്നു.
എന്നാല്‍ മനസ് നന്നല്ലെങ്കില്‍???
അതാ ഫോണ്‍ ബെല്ലടിക്കുന്നു.
ഞാന്‍ വിട വാങ്ങട്ടെ.
ആരായിരിക്കും അപ്പുറത്ത്?
ആരുമാവട്ടെ, ഞാന്‍ ഹാപ്പി.
ജീവിതം ആസ്വദിക്കണം
ആടിത്തിമിര്‍ക്കണം.
 ആസ്വദിക്കൂ ഓരോ നിമിഷവും....