Sunday, 23 November 2014

ഭ്രാന്ത്-2

ഒറ്റച്ചെവിയന്റെ കിറുക്കുകള്‍
കെട്ടുകഥകളാണെന്നു തെളിഞ്ഞാലും,
സൂര്യകാന്തിയും ആര്‍ട്ട് ഗ്യാലറിയും
സ്വപ്‌നങ്ങള്‍ ആയി മാറുന്നിടത്ത്
വെയിലേറ്റു വാടിയ നാലുമണിപ്പൂവിനെനോക്കി
സമയം കൊല്ലേണ്ടി വന്നാലും,
നിന്നെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താനുള്ള ശ്രമം
രണ്ടുവയസുകാരന്റെ ചുവര്‍ചിത്രം പോലെ
ക്രമം തെറ്റിയ വരകളായി തീര്‍ന്നാലും,
എന്നെന്നും അനുരാഗം തുടിക്കുമെന്നു കരുതിയ കണ്ണുകളില്‍
നൈരാശ്യം മറ തീര്‍ക്കുന്നത് കാണേണ്ടി വന്നാലും,
പാതി പകുത്തു നല്‍കാമെന്നു പറഞ്ഞ ചെവിക്കു പകരം,
പകുക്കാന്‍ നില്‍ക്കാതെ ചങ്ക് പറിച്ചു തന്നിട്ട് ഞാന്‍ പറയും,
"ചെമപ്പിനെക്കാളും,
പെണ്ണേ നിന്നെക്കാളും,
മഞ്ഞയോടാണ് എനിക്കിന്നും ഭ്രാന്ത്."