നിന്റെ ശരത്കാലോദ്യാനത്തില്‍,
തിളങ്ങുന്ന സൈപ്രസ് മരങ്ങള്‍ക്കിടയില്‍,
ഓറഞ്ച് ചാലിച്ച ചെസ്റ്റ്നട്ടിന്‍ തുരുത്തുകളില്‍,
രക്ത വര്‍ണാങ്കിതമായ ചോലക്കാടുകളില്‍,
നിനെ ഞാന്‍ തിരഞ്ഞു വന്നു.
യാത്രയില്‍ എങ്ങോ കണ്ട ഖനിയിലെ
കരിപുരണ്ട ജീവിതങ്ങള്‍,
ജീവിക്കുന്ന ക്രിസ്തുവെന്നു അലറിവിളിച്ചപ്പോള്‍
നിന്നെ ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
എര്സ്യുലയെ നീ ഇഷ്ടപ്പെട്ടു.
കേയെ നീ പ്രണയിച്ചു.
ക്രിസ്റ്റിന്‍ നിനക്ക് സ്വാന്തനമായി.
റാഷെല്‍ നിന്റെ സ്വന്തം മാടപ്പ്രാവും!
വാന്‍ഗോഗ്, പ്രിയ ചിത്രകാരാ,
നീ ചിത്രമെഴുതിയത്
കണ്ണീരുകൊണ്ടോ, കിനാവുകൊണ്ടോ?
ആകാശം ചായം ചാലിച്ച വയല്പ്പരപ്പില്‍
നിന്നെ തേടിയെത്തിയ ഞാന്‍ കണ്ടത്
ചെമ്മന്ണില്‍ കുതിര്‍ന്ന ചുടുചോരത്തുള്ളികള്‍ മാത്രം.
അവ നിന്റെ ചിത്രങ്ങളേക്കാള്‍ തുടുത്തിരുന്നു.
ഇനിയും വരച്ചിടാതെ
അനേകം ഓര്‍മ്മകള്‍ ബാക്കിവച്ച്,
ഒരു തോക്കിന്‍മുനയാല്‍
നീ സ്വയം ചിത്രമായതെന്തേ?
ഇന്നീ പൂക്കൂട,
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞൊരീ കൂട,
കാണുമ്പോള്‍,
ഓര്‍ക്കുന്നു നിന്നെ ഞാന്‍,
വാന്‍ഗോഗ്! പ്രിയ ചിത്രകാരാ,
വേദനയില്‍ ആത്മാവിനെ കണ്ടെത്തിയവനേ,
ഇനിയൊരിക്കലും,
ഈ പൂക്കള്‍ വാടാതിരുന്നെങ്കില്‍???